രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം 13 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതോടെ കുത്തിവയ്പ്പ് തീയതി സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിച്ചേക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മൂന്ന് കോടി പേര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും.
നാല് മാസത്തിനകം കുട്ടികള്‍ക്കായുള്ള വാക്‌സിനും തയാറാക്കാനാകുമെന്ന് ഭാരത് ബയോടെക് എംഡി കൃഷ്ണ ഇല്ല പറഞ്ഞു. ഇതിനായി ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതിക്കായുള്ള ശ്രമം ഭാരത് ബയോടെക് ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഹരിയാനയിലെ എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍ നടക്കും. അതിനിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ വാതക ദുരന്തത്തിനിരകളായ ഗരീബ് നഗര്‍, ജെ പി നഗര്‍ ഒറിയ ബസ്തി പ്രദേശങ്ങളിലെ ഗ്രാമവാസികളെ തെറ്റിധരിപ്പിച്ച് വാക്‌സീന് പരീക്ഷണത്തിന്റെ ഭാഗമാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.