നീലഗിരിയില്‍ കൊലയാളി കൊമ്പനെ പിടികൂടാനുള്ള ഓപ്പറേഷന്‍ ബ്രോക്കണ്‍ടസ്‌ക് മൂന്നാം ദിനവും തുടരുന്നു. ചേരംപാടി ചപ്പും തോട് വനമേഖലയില്‍ കൊലയാളി കൊമ്പനെ കണ്ടെത്തിയെങ്കിലും കാട്ടാനക്കൂട്ടങ്ങള്‍ക്കൊപ്പം ചേര്‍ന്നതാണ് പിടികൂടാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇന്നലെ മയക്കുവെടി വെച്ചെങ്കിലും കാട്ടാനയെ പിടികൂടാനായില്ല. മൂന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടികൂടാനാണ് ശ്രമം തുടരുന്നത്.ആനപ്പള്ളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ അപകടകാരിയായ കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വനംവകുപ്പ് കാട്ടാനയെ മയക്കു വെടിവെച്ച് വീഴ്ത്താന്‍ മുതുമലയില്‍ നിന്ന് കുങ്കിയാനകളെ പ്രദേശത്തെത്തിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് ആനയെ കണ്ടെത്തിയ ശേഷം വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനയെ മയക്കുവെടി വെടിവെച്ചങ്കിലും മറ്റ് കാട്ടാനകള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ വനംവകുപ്പിന് അടുത്തേക്ക് എത്താനായില്ല. ഇന്നും കാര്യമായ ശ്രമങ്ങളാണ് വനംവകുപ്പ് നടത്തിപ്പോരുന്നത്. അക്രമകാരിയായ കാട്ടാനയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണ ത്തില്‍ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ് രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.