മക്കിമല വീണ്ടും ഭീതിയുടെ നിഴലില്‍
മക്കിമല ഉരുള്‍പൊട്ടലില്‍ മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ ഭീതിയുടെ നിഴലില്‍. ഇക്കഴിഞ്ഞ ആഗസ്ത് 9 മക്കിമലകാര്‍ക്ക് മറക്കാന്‍ പറ്റാത്ത രാത്രിയായിരുന്നു 9 ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ദമ്പതി കളായ രണ്ടു പേരുടെ ജീവന്‍ അപഹരിച്ച ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മക്കിമല മംഗലശേരി റസാക്ക് ഭാര്യ സീനത്ത് എന്നിവര്‍ മരണ പ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് സമീപ പ്രദേശത്തെ 23 കുടുംബങ്ങളെ പുതിയിടം കുസുമഗിരി എല്‍.പി.സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മറ്റ് ക്യാമ്പുകള്‍ പിരിച്ചു വിട്ടപ്പോള്‍ ഈ 23 കുടുംബങ്ങളെ മക്കിമല എല്‍.പി.സ്‌കുളിലേക്ക് വീണ്ടും മാറ്റി പാര്‍പ്പിച്ചിരുന്നു. ഭൂമിയില്‍ വീണ്ടും വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇനി എങ്ങനെ വീടുകളിലേക്ക് തിരിച്ചു പോകുമെന്ന ആശങ്കയിലാണ് മക്കിമല എല്‍.പി. സ്‌കൂള്‍ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍. ഇതോടൊപ്പം തന്നെ വിള്ളല്‍ ഉണ്ടായ പ്രദേശം വിദഗ്ദ സംഘം പഠനം നടത്തണമെന്നാണ് ക്യാമ്പില്‍ കഴിയുന്നവരുടെ ആവശ്യം. അതിനിടെ ഈ മാസം 29 ന് സ്‌കൂള്‍ തുറക്കുന്നതിനാല്‍ 28 ന് ഈ കുടുംബങ്ങള്‍ മറ്റൊരു പാലായനത്തിന് കൂടി നിര്‍ബന്ധിതമാവുകയും ചെയ്യും.