സൗദിയിൽ ഫൈസർ ബയോ എന്‍ടെക് കൊവിഡ് വാക്സിന് അനുമതി; വിതരണം ഉടൻ
പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ‘ഫൈസർ ബയോ എന്‍ടെക് വാക്സിൻ’ എന്ന പ്രതിരോധ മരുന്ന് സൗദി അറേബ്യയിൽ വിതരണം ചെയ്യാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകി. ആരോഗ്യവകുപ്പിന് ഇതോടെ രാജ്യത്ത് വാക്സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നവംബർ 24നാണ് ഫൈസർ കമ്പനി അപേക്ഷ നൽകിയത്. ഉടൻ തന്നെ അതിന്മേൽ അതോറിറ്റി വിദഗ്ധ പരിശോധന ആരംഭിക്കുകയായിരുന്നു. വിശദമായ പഠനത്തിനും വിലയിരുത്തലിനും ക്ലിനിക്കൽ പരീക്ഷണത്തിനും ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആവശ്യങ്ങൾക്ക് അനുസരിച്ച് ഇറക്കുമതി നടപടികൾ ആരംഭിക്കും.