അഭയ കേസ് വിധി ഈ മാസം 22ന്
അഭയ കൊലക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 22-ന് കേസില്‍ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നതെന്നതും ശ്രദ്ധേയമാണ്. വൈദികരായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്നലെ പൂര്‍ത്തിയായത്. കേസില്‍ താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയില്‍ വാദിച്ചു. മാത്രമല്ല, കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്നും കോട്ടൂര്‍ കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
കേസിലെ മുഖ്യ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സെഫിയും തമ്മിലുളള ബന്ധം സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മാത്രമല്ല, കേസില്‍ അന്തിമ മൊഴി നല്‍കിയ ശേഷം കൂറുമാറിയ രണ്ടാം സാക്ഷി സഞ്ചു പി മാത്യുവിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.