വെങ്ങപ്പള്ളി ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി വെങ്ങപ്പള്ളി പഞ്ചാബില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരം ആരംഭിച്ചു. ആദ്യഘട്ടമായി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു.
ആരാധാനലായങ്ങള്‍ക്കും നൂറുകണക്കിന് വീടുകള്‍ക്കും കുടിവെള്ള സ്രോതസുകള്‍ക്കും ഭീഷണിയായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത അധികാരികള്‍ക്കെതിരെയും ക്വാറിക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ കൂട്ടുക്കെട്ടിനെതിരെയുമുള്ള കനത്ത പ്രതിഷേധമായി മാര്‍ച്ചും ധര്‍ണയും മാറി. വരും നാളുകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ക്വാറി കവാടം വഴി വില്ലേജ് പരിസരത്തെത്തി. തുടര്‍ന്ന് നടന്ന ധര്‍ണ സമരം പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എന്‍ ബാദുഷ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാറായി കുഞ്ഞമ്മദ് അധ്യക്ഷനായി. സി ഷൈജല്‍, കെ ദാമോദരകുറുപ്പ്, പ്രേംലാല്‍, ഹക്കീം എ, നൗഷാദ് പാറായി സംസാരിച്ചു. കണ്‍വീനര്‍ സലീം ബാവ സ്വാഗതവും അബ്ബാസ് പനന്തറ നന്ദിയും പറഞ്ഞു.