10നും 12നും കൂടുതല്‍ ക്ലാസുകളുമായി ഫസ്റ്റ്ബെല്ലില്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരണം

0

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.പ്ലസ് ടുവിന് നിലവിലുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം നാല് മുതല്‍ ആറുമണി വരെ നാല് ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരില്ല. പ്ലസ്വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 മണി വരെ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11.00മണി വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം മൂന്ന് മുതല്‍ നാല് മണിവരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്യും.

എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടിനും 2.30-നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00മണി), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30-നും ആയിരിക്കും ക്ലാസ്.

 

ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകള്‍. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!