കുട്ടികളുടെ വിദ്യാഭ്യാസം സി.പി.എം ഏറ്റെടുക്കും
ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കണം ഈ പൊന്നുമക്കളെ… മുഹമ്മദ് റജ്മലും അനുജന്‍മാരായ റജിനാസും റിഷാലും ഇനി അനാഥരല്ല. അവരുടെ കണ്ണീരൊപ്പാന്‍ സിപിഐ എം കൂടെയുണ്ട്. ഒന്നു കണ്ണടച്ചപ്പോഴേക്കും ഏറ്റവും പ്രിയപ്പെട്ട ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി ഇല്ലാതായതിന്റെ വേദനയില്‍ നീറുന്ന ഈ കുരുന്നുകളുടെ പഠനം മുഴുവന്‍ ഏറ്റെടുത്തിരിക്കയാണ് സിപിഐ എം വയനാട് ജില്ലാ കമ്മിറ്റി. മക്കിമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശ്ശേരി റസാഖ്-സീനത്ത് ദമ്പതികളുടെ മക്കളാണിവര്‍. പുതിയിടംകുന്നിലെ ദുരിതാശ്വാസ ക്യാമ്പില്‍ വല്ല്യുമ്മ ആസിയോടൊപ്പം ദു:ഖമടക്കി കഴിയുന്ന ഇവര്‍ക്ക് ആശ്വാസമായി ഇന്നലെ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എംപിയും ജില്ലാ സെക്രട്ടറി പി ഗഗാറിനും എത്തി. ഇവരുടെ പഠനച്ചെലവ് ഏറ്റെടുത്തതായി അറിയിച്ചു. ഒന്നിച്ചിരുന്ന് അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയ ഉപ്പയെയും ഉമ്മയെയും പ്രളയം കവര്‍ന്നെടുത്തതിന്റെ നടുക്കത്തിലാണ് ഇപ്പോഴും ഈ കുട്ടികള്‍. ഇവരുടെ വീടും പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് റജ്മല്‍ മാനന്തവാടി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ്. മുഹമ്മദ് റജിനാസ് തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ പത്തിലും മുഹമ്മദ് റിഷാല്‍ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.