സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര മാര്‍ഗരേഖ. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നും കരട് മാര്‍ഗരേഖയില്‍ പറയുന്നു.
പൊലീസിനെ കൂടുതല്‍ മാനവികമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ അടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെതാണ് (ബിപിആര്‍ഡി) കരടുമാര്‍ഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു. – പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്നതാണ് പ്രധാന നിര്‍ദേശം.
കസ്റ്റഡി പീഡനങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടെന്നും പൊലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പൊലീസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണമെന്നും ശുപാര്‍ശകളുണ്ട്.