വാളയാര്‍ കേസില്‍ ഒടുവില്‍ നീതി ; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

0

വാളയാര്‍ കേസില്‍ ഒടുവില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചു. പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. കേസിന്റെ തുടര്‍ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷന്‍ ഇതിനായി അപേക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

2017 ജനുവരി 13നും, മാര്‍ച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്‌സോ കോടതി മുന്‍പ് വെറുതെ വിട്ടത്.

എന്നാല്‍, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. വേണ്ടി വന്നാല്‍ തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. 2019 ഡിസംബറിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!