സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്കാകെ ഉണര്‍വ് പകരാന്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഫോര്‍ വെജിറ്റബിള്‍സ് ആന്റ് ഫ്ളവേഴ്സിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂക്കള്‍ക്കും പച്ചക്കറികള്‍ക്കുമുളള മികവിന്റെ കേന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ അധ്യക്ഷത വഹിച്ചു.
പച്ചക്കറി കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചു വരുന്ന നെതര്‍ലാന്റുമായുള്ള സഹകരണത്തിലൂടെ, അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഈ മികവിന്റെ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പോലെ കാര്‍ഷിക സ്വയംപര്യാപ്തത നേടാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രം വലിയ മുതല്‍ക്കൂട്ടാകും. ജില്ലയുടെ കാലാവസ്ഥയും സാങ്കേതിക വശങ്ങളും പരിഗണിച്ചുള്ള പച്ചക്കറി വിളകളും പുഷ്പകൃഷിയുമാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രത്തില്‍ നടപ്പാക്കുന്നത്. കര്‍ഷകര്‍ പുതിയ കൃഷി രീതികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ മികവിന്റെ കേന്ദ്രം കാര്‍ഷിക മേഖലയ്ക്ക് ഊര്‍ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്തോ- ഡച്ച് സംയുക്ത പദ്ധതിയിന്‍ പ്രകാരം നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെ സാങ്കേതിക സഹായത്തോടെ പച്ചക്കറികളിലും പൂക്കളിലുമുള്ള ഹൈടെക് കൃഷി രീതിയെ ജനപ്രിയമാക്കുന്നതാണ് ഈ കേന്ദ്രം. 13 കോടി രൂപയാണ് കേന്ദ്രത്തിനായി ചെലവിടുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയില്‍ 7.4 കോടി രൂപയും സംസ്ഥാന സര്‍ക്കാറിന്റെ റീബില്‍ഡ് ഇനിഷ്യേറ്റീവ് പദ്ധതി നാല് കോടി രൂപയും പദ്ധതിയ്ക്കായി വകയിരുത്തി. സംസ്ഥാന കൃഷി വകുപ്പിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കീഴിലാണ് സെന്റര്‍ സ്ഥാപിതമാകുന്നത്.
വയനാട് ഉള്‍പ്പെടുന്ന മലനാടന്‍ കാലാവസ്ഥാ വ്യവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പച്ചക്കറികള്‍, ഓര്‍ക്കിഡ്, ഗ്ലാഡിയോലസ്, ജമന്തി, ജര്‍ബറ തുടങ്ങിയ പുഷ്പ വിളകളും ഭാരതീയ ഡച്ച് മാതൃകയിലുള്ള ഹൈടെക് പോളി ഹൗസുകള്‍, ഹൈടെക് നഴ്‌സറികള്‍, വിളവെടുപ്പിനു ശേഷമുള്ള സംഭരണ വിപണന സൗകര്യങ്ങള്‍ എന്നിവയാണ് കേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നത്. പച്ചക്കറിയിലും പുഷ്പകൃഷിയിലും നെതര്‍ലാന്‍ഡിന്റെ സാങ്കേതിക വൈദഗ്ധ്യം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന പരിപാടികളും ഈ കേന്ദ്രത്തില്‍ ലഭ്യമാക്കും.
പച്ചക്കറി – പുഷ്പ വിളകളുടെ വിത്തുകളുടെും തൈകളുടെയും വലിയ തോതിലുള്ള ഉത്പാദനവും വിപണനവും, മാതൃകാ പ്രദര്‍ശനത്തോട്ടവും പോളീഹൗസുകളും സജ്ജമാക്കുക, വിളകള്‍ക്ക് നൂതന വിപണന മാര്‍ഗ്ഗങ്ങള്‍ ഒരുക്കുക, പച്ചക്കറി കൃഷിയിലും പുഷ്പ കൃഷിയിലും അന്താരാഷ്ട്ര നിലവാരം കൈവരിക്കുക, ജില്ലയ്ക്കും സംസ്ഥാനത്തിനും അനുയോജ്യമായ വിദേശ ഇനങ്ങള്‍ ഇറക്കുമതി ചെയ്ത് അവയുടെ നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുക, സംസ്ഥാനത്തിന് അനുസൃതമായ ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ക്ക് അവസരമൊരുക്കുക തുടങ്ങിയവ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്.
ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍, നെതര്‍ലാന്‍ഡ് സെക്രട്ടറി ജനറല്‍ ജാന്‍ കീസ് ഗോയറ്റ്, ചീഫ് വിപ്പ് കെ. രാജന്‍, എം.വി. ശ്രേയാസ്‌കുമാര്‍ എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ചിഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതര്‍ലാന്റ് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജമണി, കേരള അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍.ചന്ദ്രബാബു, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ കെ.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post