കഴിഞ്ഞ 9 മാസമായി തുടരുന്ന കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഭൂരിപക്ഷം ബസ്സുകളും സര്‍വ്വീസ് നിറുത്തിവെച്ചിരിക്കുകയാണ്. അണ്‍ലോക്കിനെ തുടര്‍ന്ന് വിരലിലെണ്ണാവുന്ന ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ടങ്കിലും യാത്രക്കാരില്ലാത്തത് ഈ സര്‍വീസുകളെയും സാരമായി ബാധിച്ചു.
നിരവധികുടുംബങ്ങളുടെ ജീവനോപാധിമാര്‍ഗ്ഗമാണ് സ്വകാര്യ ബസ്സ് സര്‍വ്വീസ് മേഖല. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിറുത്തിയിട്ട ബസ്സുകളില്‍ ഭൂരിപക്ഷവും അണ്‍ലോക്ക് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ആയിട്ടില്ല. ഇതോടെ ഈ മേഖല പൂര്‍ണ്ണമായും തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തുന്നത്. വിരലിലെണ്ണാവുന്ന ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടങ്കിലും യാത്രക്കാരില്ലാത്തത് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. ഭൂരിപക്ഷം ബസ്സുകളും ഓടാതായതോടെ അടവുകളും മുടങ്ങിയിരിക്കുകയാണ്. ഇത് ഉടമകളെ കടക്കെണിയിലേക്കും ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കുമാണ് തള്ളിവിടുന്നത്. ബസ്സുകള്‍ ദീര്‍ഘനാളായി നിറുത്തിയിടുന്നത് കാരണം തകരാറുകളും സംഭവിച്ചുതുടങ്ങി. ടയറുകളും, സീറ്റും, ബാറ്ററി, ബോഡിയടക്കം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ മാസങ്ങളായി നിറുത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ സര്‍വീസ് നടത്തുന്നതരത്തിലേക്ക് മാറ്റണമെങ്കില്‍ വലിയൊരുസംഖ്യതന്നെ മുടക്കണം. പക്ഷേ യാത്രക്കാരില്ലാതെ നഷ്ടം സഹിച്ച് സര്‍വീസ് നടത്തിയിട്ട് എന്തുകാര്യമെന്നും ഇനി എന്ന് ഈ മേഖല പ്രതിസന്ധിയില്‍ നിന്നും കരകയറുമെന്ന ചോദ്യവുമാണ് മേഖലയിലുള്ളവര്‍ ചോദിക്കുന്നത്.