സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരികരിക്കുന്നവരുടെ എണ്ണം കൂടുന്നത് ജീവനക്കാരിലും സമീപവാസികളിലും ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം മെക്കാനിക്കല്‍ ജീവനക്കാരനു കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഒരാഴ്ച്ചക്കുള്ളില്‍ ഡിപ്പോയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. രോഗവ്യാപനം തടയാനുള്ള നടപടികള്‍ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാള്‍ വ്യാഴ്ാഴ്ച ഡിപ്പോയിലെത്തുകയും ചെയ്തിരുന്നു. ഇത് ജീവനക്കാരില്‍ ആശങ്കയറ്റുന്നുണ്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. അതേ സമയം ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഡിപ്പോയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരും ആശങ്കയിലായി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തില്‍പെട്ടവര്‍ പുറമെയുള്ളവരുമായി സമ്പര്‍ക്കമുണ്ടാവാം എന്ന ആശങ്കയാണ് സമീപവാസികള്‍ക്കുള്ളത്. ഈ ആശങ്ക നിലനില്‍ക്കുമ്പോഴും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലന്നുമാണ് ആരോപണം. കരുനാഗപ്പള്ളി, പട്ടാമ്പി, പാലക്കാട് സ്വദേശികളായ ഡിപ്പോയിലെ കണ്ടക്ടര്‍മാര്‍ക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്.