ഗര്‍ഭിണികളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലെന്ന് കണ്ടെത്തല്‍
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ ഗൈനക്ക് ഒപിയില്‍ എത്തുന്ന ഗര്‍ഭിണികളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 11 ഗര്‍ഭിണികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആശുപത്രിയിലെ ജീവനക്കാരിലും ആശങ്കയേറ്റുന്നു.
താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഗൈനക്ക് ഒപി യില്‍ പരിശോധനക്കെത്തിയ ഗര്‍ഭിണികളിലാണ് കൊവിഡ് രോഗബാധകൂടുതലായി സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെയെത്തിയ 11 ഗര്‍ഭിണികള്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതും.
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ആശുപത്രിയില്‍ ഗൈനക്ക് ഒപിയുള്ളത്. ഈ ദിവസങ്ങളില്‍ 140 മുതല്‍ 160 വരെ ഗര്‍ഭിണികള്‍ പരിശോധനക്കായി എത്തുന്നുണ്ട്. എന്നാല്‍ ഇത്രയും പേര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നില്‍ക്കാനുളള സ്ഥലപരിമിതിയും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഗര്‍ഭിണികള്‍ക്കൊപ്പം എത്തുന്നവരടക്കം കൂട്ടം കൂടിനില്‍ക്കുന്നതുമാണ് രോഗം കൂടുതലായി സ്ഥിരീകരിക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ഒപിയിലെത്തുന്ന ഗര്‍ഭിണികളില്‍ പിന്നീട് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശുപത്രി ജീവനക്കാരിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കൂടാതെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നടക്കം എത്തുന്നവര്‍ പേരു വിവരങ്ങള്‍ തെറ്റായി, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍ നല്‍കുന്നതും ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുന്നുണ്ട്.