മാസ്‌ക് ധരിച്ചത് ശരിയായില്ലെന്ന കാരണത്തിന് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവാക്കള്‍: അടിസ്ഥാന രഹിതമെന്ന് പോലീസ്

0

മാസ്‌ക് ധരിച്ചത് ശരിയായില്ലെന്ന കാരണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കു നേരെ പോലിസിന്റെ ക്രൂരമര്‍ദ്ദനം. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അതെ സമയം പരിക്ക് സ്വയം ഉണ്ടാക്കിയതാണെന്നും ആരോപണം അടിസ്ഥാനരഹിതമെന്നും തലപ്പുഴ പോലീസ്.

നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രണ്ടു യുവാക്കളെ മണിക്കൂറുകളോളം തലപ്പുഴ പോലിസ് ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. പീച്ചംകോട് മക്കി അബ്ദുല്ലയുടെ മകന്‍ ഇഖ്ബാല്‍(34).പീച്ചംകോട് കുന്നക്കാടന്‍ മരക്കാര്‍ മകന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.ഇവര്‍ കസ്റ്റഡിയിലുള്ള വിവരം എട്ടു മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പോലിസ് തയ്യാറായില്ലെന്നും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു..ചൊവ്വാഴ്ച്ച വൈകീട്ട് നാലോടെ തലപ്പുഴ സെന്‍ട്രല്‍ എക്‌സൈസ് ജംങ്ഷനില്‍ നിന്നാണ് ഇഖ്ബാലിനെയും ഷമീറിനെയും തലപ്പുഴ പോലീസ്‌കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ നില്‍കുകയായിരുന്നു യുവാക്കള്‍. മുഖത്തെ മാസ്‌ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരെ പേര് ചോദിച്ചറിഞ്ഞതിന് ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ അരങ്ങേറിയതിന് സമാനമായ അതിക്രമമാണ് തലപ്പുഴ പോലിസ് സ്റ്റേഷനില്‍ യുവാക്കള്‍ക്ക് നേരെ അരങ്ങേറിയതെന്നും. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. കുറ്റക്കാരായ പോലിസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പോപ്പുലര്‍ പ്രണ്ട് നേതാക്കളായ എസ് മുനീര്‍, സഹീര്‍ അബ്ബസ്, സജീര്‍ എം ടി തുടങ്ങിയവര്‍ പങ്കെടുത്തു.അതേസമയം ഇരുവരും സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നെന്നും ആരോപണം ആടിസ്ഥാനരഹിതമാണെന്നും തലപ്പുഴ പോലീസും അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!