വയനാട്ടിലെ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കും:മന്ത്രി എ.കെ ശശീന്ദ്രന്‍ 

0

കോവിഡ് 19മായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ നിലവില്‍ ആശങ്കയുടേയോ ഭയത്തിന്റെയോ സാഹചര്യമില്ലെന്നും എന്നാല്‍ ശ്രദ്ധക്കുറവുണ്ടായാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നും ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വയനാട് ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രി.ഓരോ ദിവസവും കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുന്നു. കണ്ടെയ്ന്‍മെന്റ് മേഖലയുടെ എണ്ണവും വര്‍ധിച്ചു. ഈ ഘട്ടത്തില്‍ ശ്രദ്ധക്കുറവുണ്ടായാല്‍ ക്രമേണ അത് സമൂഹവ്യാപനത്തിലേക്ക് നയിക്കും. അതിനാല്‍ എല്ലാവരും ജാഗ്രത തുടരുക തന്നെ വേണം. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ച് ജില്ലാഭരണകൂടവുമായും ആരോഗ്യ വകുപ്പുമായും സഹകരിക്കണം. കോവിഡ് മഹാമാരിയുടെ ഭീതിയൊഴിഞ്ഞ് സാധാരണഗതിയിലേക്ക് ജനജീവിതം തിരിച്ചു കൊണ്ടുവരാന്‍ ഇതനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കും. കോവിഡ് ആശുപത്രികളുടെ എണ്ണവും ആശുപത്രികളിലെ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ലഭ്യമായ ബെഡുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരു പരിശോധനകൂടി നടത്തി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.അതിര്‍ത്തികളില്‍ രോഗപരിശോധനാ സംവിധാനവും നിരീക്ഷണവും ശക്തമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും മറ്റ് ജില്ലാ അതിര്‍ത്തികളിലും ഇത് ശക്തിപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പാസ് ആവശ്യമില്ലെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാലും രജിസ്റ്റര്‍ ചെയ്യാതെ ചിലരെങ്കിലും എത്തുന്നുണ്ട്. അവര്‍ക്ക് അതിര്‍ത്തിയില്‍ വെച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രം മുഖേന ജില്ലാഭരണകൂടം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ നല്ല രീതിയിലുള്ള നിരീക്ഷണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് പൊതുവിലയിരുത്തലെന്നും ഇത് തുടരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമായി തുടരണം. ജനസാന്ദ്രത കൂടുതലുള്ള മൂന്ന് മുനിസിപ്പാലിറ്റികളിലെയും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയുള്ള പൊലീസ് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും ടെലി മെഡിസിന്‍ സംവിധാനം ഫലപ്രദമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ഒ.പി സംവിധാനം പരിഷ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണം. മഴ ശക്തിപ്പെടുന്നതോടെ മഴക്കാല രോഗങ്ങളും വര്‍ധിക്കുമെന്നതിനാല്‍ കോവിഡിതര ചികിത്സകള്‍ക്കും ആശുപത്രികള്‍ സജ്ജമാക്കണം.യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കെ., ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എ.പി ദിനേശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!