ഗൂഡല്ലൂര്‍ വയനാട് യാത്ര പുനഃസ്ഥാപിക്കുക: മുസ്ലിം ലീഗ്.

0

സുല്‍ത്താന്‍ ബത്തേരി:
കോവിഡ് 19 നെ തുടര്‍ന്ന് നിലവില്‍ വന്ന ലോക്ഡൗണുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടര മാസമായി യാത്ര നിരോധിക്കപ്പെട്ടതിനാല്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത് വയനാട്ടിലെയും ഗൂഢല്ലൂരിലെയും ജനങ്ങളാണ്. ഇരു ജില്ലകളിലേക്കും യാത്ര ചെയ്യാനുള്ള സാഹചര്യം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിംലീഗ് ഓണ്‍്‌ലൈന്‍ വര്‍ക്കിങ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലാണെങ്കിലും വലിയ വിഭാഗം ജനങ്ങളും നൂറ്റാണ്ടുകളായി പരസ്പരം വിവാഹങ്ങള്‍ വഴിയും കുടിയേറ്റം കാരണമായും വ്യാപാരബന്ധം വഴിയും മറ്റും അതിരുകളില്ലാത്ത വിധം ഒരു ജനതയായി മാറിയിരിക്കുന്ന സാഹചര്യമാണുള്ളത്.
ജില്ലയിലും സംസ്ഥാനത്തും ഉള്ള മറ്റെല്ലാ സംസ്ഥാന അതിര്‍ത്തികളിലും വനത്താലും മറ്റും വലിയ അകലത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍താമസിക്കുന്നത്. എന്നാല്‍ വയനാട്ടിലെയും നീലഗിരിയിലെയും ജനങ്ങള്‍ പ്രത്യേകിച്ചും ചോലാടി മുതല്‍ പാട്ടവയല്‍ വരെ ഒരു അതിര്‍ വരമ്പു പോലും ഇല്ലാതെ ഒരുമിച്ചു ഇടപഴകി ജീവിക്കുന്നവരാണ്.
ആയിരക്കണക്കിന് ആദിവാസി ഊരുകളിലെ ജനങ്ങളും തങ്ങള്‍ രണ്ട് സംസ്ഥാനക്കാരാണ് എന്ന വേര്‍തിരിവ് പോലും ഇല്ലാതെയാണ് ജീവിച്ച് പോരുന്നത്. അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ മൂലം മാനുഷികമായ അനേകം കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി ദൈനംദിനം ബന്ധപ്പെട്ടു ജീവിച്ച്‌കൊണ്ടിരുന്ന ഒരു ജനതയെയാണ് തീര്‍ത്തും ഒറ്റപ്പെടുത്തിയിരിക്കുന്നത്.
അപ്രകാരം തന്നെ ഗൂഡല്ലൂര്‍ താലൂക്കിലെ അനേകായിരം രോഗികള്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ചികിത്സക്ക് വേണ്ടി ആശ്രയിച്ചത് വയനാടിനെയാണ്. ഇന്ന് ഒരു രോഗം വന്നാല്‍ കൈയെത്തും ദൂരെ ആശുപത്രിയുണ്ടായിട്ടും നൂറിലധികം കിലോമീറ്റര്‍ താണ്ടി കോയമ്പത്തൂരില്‍ എത്തേണ്ട ദുരവസ്ഥയിലാണ് ഗുഡലൂരിലെ ജനങ്ങള്‍.കൂടാതെ ഇരു ജില്ലയിലെയും തേയിലയടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയുടെ താല്പര്യം മനസ്സിലാക്കി പരസ്പരം വില്‍പന നടത്തുന്ന സാഹചര്യവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരന്തരം യാത്ര ചെയ്യുന്ന അവസ്ഥയും ഇല്ലാതായിരിക്കുകയാണ്. വയനാട്ടിലും ഗുഡലൂരിലും നിന്ന് വിവാഹം കഴിച്ച നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്കു പോകാനും ബന്ധുക്കളെ കാണാനും കഴിയാത്ത ഇന്നത്തെ അവസ്ഥക്ക് മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒരു മരണമോ മറ്റോ ഉണ്ടായാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മുന്നൂറ്റി അന്‍പത് കിലോമീറ്റര്‍ ചുറ്റി വളഞ്ഞു വാളയാര്‍ വഴി യാത്ര ചെയ്യേണ്ട വിചിത്രമായ നിയമം മാറ്റി പകരമായി താളൂര്‍,പാട്ടവയല്‍ ചെക്ക്‌പോസ്റ്റുകളിലൂടെ ഇരു ജില്ലയിലെയും ജനങ്ങള്‍ക്ക് മാത്രമായെങ്കിലും യാത്ര അനുവദിക്കാന്‍ അധികാരികള്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ അടിയന്തിരമായി ഇരു ജില്ലയിലെയും കളക്ടര്‍മാരും എംഎല്‍എ മാര്‍ അടക്കമുള്ള ജന പ്രതിനിധികളും യോഗം ചേര്‍ന്ന്
ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ ശ്രദ്ധയില്‍ ചെലുത്തി യാത്ര പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ നൂറുദ്ദീന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍,ട്രഷറര്‍ അബ്ദുള്ള മാടക്കര, വൈസ് പ്രസിഡന്റ്മാരായ വി ഉമ്മര്‍ഹാജി,കണക്കയില്‍ മുഹമ്മദ്,പി ഉമ്മര്‍ഹാജി ചുള്ളിയോട്, സെക്രട്ടറി മാരായ കെ അഹമ്മദ് കുട്ടി,കെ പി അഷ്‌കര്‍, ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍ ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!