കളക്ട്രേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി

0

കല്‍പ്പറ്റ: കെ.പി.സി.സി ആഹ്വാനപ്രകാരം കാര്‍ഷിക മേഖലയിലും, കയര്‍, കൈത്തറി, ചെറുകിട കച്ചവട, മല്‍സ്യ മേഖലയിലേയും പ്രതിസന്ധി കണക്കിലെടുത്ത് അര്‍ദ്ധ പട്ടിണിയിലും, പട്ടിണിയിലും കഴിയുന്ന സാധാരണക്കാര്‍ക്ക് ഒരു കുടുംബത്തിന് 7500 രൂപ എന്ന നിരക്കില്‍ ദുരിതാശ്വാസ സഹായം നല്‍കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി. സമരം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാരണം നാട്ടിലെത്താന്‍ കഴിയാത്ത ആയിരക്കണക്കിന് മലയാളികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട് ചെക്ക്പോസ്റ്റുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് സംസ്ഥാന-ജില്ലാ തലത്തില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും, പൊതുവിതരണ സംവിധാനം വഴി എല്ലാ കുടുംബാംഗങ്ങള്‍ക്കും കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകളും, സാനിറ്റൈസറുകളും വിതരണം ചെയ്യുന്നതിനും ജില്ലയിലെ ആളുകളെ പൂര്‍ണ്ണമായും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും, ജില്ലകളില്‍ നിന്നും വയനാട് ജില്ലയിലേക്ക് എത്തിക്കുന്നതിനും, വാഹന സൗകര്യങ്ങളില്ലാത്ത ആളുകളെ കൂടി സര്‍ക്കാര്‍ വാഹനങ്ങളേര്‍പ്പെടുത്തി നാട്ടിലെത്തിക്കുന്നതിനും സത്വര നടപടി ഉണ്ടാവണം. ക്വാറന്‍റെനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ സൂക്ഷ്മ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, പി.കെ അനില്‍കുമാര്‍, ടി.ജെ ഐസക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!