സഞ്ചരിക്കുന്ന പരിശോധന കേന്ദ്രം കൈമാറി

0

     വയനാട് ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് നിര്‍മ്മിച്ച സഞ്ചരിക്കുന്ന കോവിഡ് 19 പരിശോധന കേന്ദ്രം ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വാഹനത്തിന്റെ താക്കോള്‍ ഏറ്റുവാങ്ങി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ സാഹചര്യത്തില്‍ സ്രവ സാമ്പിള്‍ എടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് വിസ്‌ക് ഓണ്‍ വീല്‍സ് ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍, കിയോസ്‌ക്കില്‍ നിന്നും പുറത്തേക്ക് വിടുന്ന വായുവിനെ ശുചീകരിക്കുന്നതിനുളള അള്‍ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് ചേമ്പര്‍, സ്രവപരിശോധനയ്ക്ക് എത്തുന്നവരുമായി ആശയവിനിമയം നടത്തുന്നതിനുളള ഉപകരണം തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികളെ ആരോഗ്യവകുപ്പ് ജീവനക്കാരെ ഉള്‍പ്പെടെ ആംബുലന്‍സില്‍ കൊണ്ടുവന്നാണ്  പരിശോധന നടത്തുന്നത്. വിസ്‌ക് ഓണ്‍ വീല്‍സ് യാഥാര്‍ത്ഥ്യമായതോടെ നിരീക്ഷണ കേന്ദ്രങ്ങളിലടക്കം ചെന്ന് സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും.
    എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി.എസ് അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും  ജീവനക്കാരുടെയും രണ്ടാഴ്ച്ചത്തെ പ്രയ്തനഫലമായിട്ടാണ് പരിശോധന കേന്ദ്രം സജ്ജമായത്. പ്രൊഫ. എം.എം അനസ്, പ്രൊഫ. ഇ.വൈ മുഹമ്മദ് ഷഫീക്,ആര്‍. വിപിന്‍ രാജ്, പി.കെ മഹേഷ്,കെ.ആര്‍ സുബിന്‍ രാജ്, കെ.പി മുഹമ്മദ് ഷഫീഖ്,സി.ജെ സേവ്യര്‍,കെ.ബാലന്‍ എന്നിവരടങ്ങിയ സംഘമാണ്  കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.      ആരോഗ്യവകുപ്പിന്റെ വാഹനം പരിഷ്‌ക്കരിച്ച് പരിശോധന കേന്ദ്രം തയ്യാറാക്കുന്നതിനുളള ചെലവ് ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജാണ്  വഹിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!