വയനാടിന്റെ അഭിമാനമായ ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍
മാനന്തവാടി:വയനാട്ടില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഐഎഎസ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ട്രെയിനിയായി നിയമിതയായി.ശ്രീധന്യ ഉടന്‍ തന്നെ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും.സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു.പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ കോളനി സുരേഷ് കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.
സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 85 ശതമാനം മാര്‍ക്കോടെ തരിയോട് നിര്‍മ്മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സി പാസായത്. തരിയോട് ഗവ. ജിഎച്ച്എസ്എസില്‍നിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും അപ്ലൈഡ് സുവോളജിയില്‍ കലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് എട്ടു മാസത്തോളം വയനാട് എന്‍ ഊര് ടൂറിസം പദ്ധതിയില്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനത്തിന് ചേര്‍ന്നത്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ ട്രെയിനിങ് സൊസൈറ്റിയ്ക്കു കീഴില്‍ ആയിരുന്നു പരിശീലനം.സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരന്‍ ശ്രീരാഗ് സുരേഷ്.