മനക്കരുത്ത് കൊണ്ട് അന്ധതയെ തോല്‍പ്പിച്ച സീനത്ത് മികച്ച ഗായിക.

0

കല്‍പ്പറ്റ: ലോക്ഡൗണ്‍ കാലത്ത് വയനാട് ജില്ലയിലെ ഗായകര്‍ക്ക് വേണ്ടി സ്മാര്‍ട്ട് മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരം ആവേശകരമായി. നൂറിലധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ഗായികയായി പരിയാരം സ്വദേശിനി എം കെ സീനത്തും ജനപ്രിയ ഗായികയായി കാവുംമന്ദം സ്വദേശിനി ഡോ. ഇന്ദു കിഷോറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായകരില്‍ കീര്‍ത്തന തൃശ്ശിലേരി രണ്ടാം സ്ഥാനവും എം കെ കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനവും നേടി. ജനപ്രിയ ഗായകരില്‍ ലിജിത പൊഴുതന രണ്ടാം സ്ഥാനവും ഹരീഷ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും നേടി. പ്രമുഖ സിനിമാ താരം എസ്തെര്‍ അനിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ചെമ്പൈ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കിയ മുട്ടില്‍ പരിയാരം സ്വദേശിനിയായ സീനത്ത് നിലവില്‍ കോഴിക്കോട് കൊളത്തറയിലുള്ള കാലിക്കറ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഹാന്‍റിക്കാപ്പ്ഡില്‍ സംഗീത അധ്യാപികയും ആകാശവാണി ബി ഗ്രേഡ് ആര്‍ട്ടിസ്റ്റുമാണ്. 12 വര്‍ഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഡോ. ഇന്ദു കിഷോര്‍ കോളേജ് തലങ്ങളില്‍ സംഗീത രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കാവുംമന്ദം സ്വദേശിയായ ഇവര്‍, മുണ്ടക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കിഷോര്‍കുമാറിന്‍റെ ഭാര്യയാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം ലോക്ഡൗണിന് ശേഷം വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!