ജില്ലാ പഞ്ചായത്തിന് 56.8 കോടി രൂപയുടെ പദ്ധതികള്‍.

0

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍. വിവിധ മേഖലയിലെ 224 പ്രോജക്ടുകളിലായി 56.8 കോടി രൂപയുടെ പദ്ധതികളാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്നത്. അര്‍ബുദ രോഗികളായ സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും പ്രതീക്ഷയായി 1.20 കോടി രൂപ ചെലവില്‍ പ്രത്യാശ പദ്ധതി നടപ്പാക്കും. വനിതകള്‍ക്ക് 20 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് 1 കോടി രൂപയുമാണ് ചെലവിടുക. 60 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളും സ്ത്രീകളുമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാനത്ത് അര്‍ബുദ ചികിത്സ നടക്കുന്ന ആസ്പത്രികളുമായി സഹകരിച്ചാണ് പ്രത്യാശ പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്ന ജില്ലയിലെ അര്‍ബുദ രോഗികള്‍ക്കെല്ലാം ധനസഹായം ലഭ്യമാകും. ഓട്ടിസം ബാധിച്ചവര്‍ക്ക് കരുണാലയം പദ്ധതിയിലൂടെ മികച്ച ചികിത്സ ഉറപ്പ് വരുത്തും. ജില്ലയ്ക്കകത്തും പുറത്തുമുള്ളവര്‍ക്ക് ഒരുപോലെ ഉപയോഗ പ്രദമാവുന്ന രീതിയിലാണ് കരുണാലയം പദ്ധതി നടപ്പാക്കുക. സ്വകാര്യ പങ്കാളിത്തവും തേടും. 25 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. കൗമാരക്കാരായ കുട്ടികള്‍ക്കിടയിലെ മാനസികാരോഗ്യം ലക്ഷ്യമിട്ട് മാനസം പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതി സംയോജിത പദ്ധതിയായി തുടരും. 1 കോടി രുപ ജില്ലാ പഞ്ചായത്ത് വിഹിതവും 1 കോടി രൂപ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ വിഹിതവും ചേര്‍ന്ന് 2 കോടി രൂപയാണ് ജീവനം പദ്ധതിയ്ക്ക് അനുവദിച്ചത്.
പൊതു വിഭാഗം ഉത്പ്പാദന മേഖലയില്‍ 6.60 കോടി രൂപയും സേവന മേഖലയില്‍ 21.51 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 15.56 കോടി രൂപയും ഉള്‍പ്പെടെ 43.67 കോടി രൂപയാണ് വകയിരുത്തിയത്. പട്ടികജാതി വിഭാഗത്തില്‍ സേവന മേഖലയില്‍ 1.52 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 64 ലക്ഷം രൂപയും ഉള്‍പ്പെടെ 2.16 കോടി രൂപയാണ് വകയിരുത്തിയത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉത്പ്പാദന മേഖലയില്‍ 16 ലക്ഷം രൂപയും സേവന മേഖലയില്‍ 6.24 കോടി രൂപയും പശ്ചാത്തല മേഖലയില്‍ 4 കോടി രൂപയും ഉള്‍പ്പെടെ 10.24 കോടി രൂപയുമാണ് വകയിരുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!