ബഡ്സ് സ്‌കൂള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും
സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്സ് സ്‌കൂള്‍ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും.ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കാട്ടിക്കുളം ചേലൂരില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ‘ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളാണ് ജില്ലയിലെ മാതൃക സ്‌ക്കൂളായി പ്രവര്‍ത്തനമാരംഭിക്കുന്നത്.
തൃശ്ശിലേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ എല്‍പി വിഭാഗമാണ് ബഡ്സ് സ്‌കൂളാക്കിയത് . ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്‌കൂള്‍ കെട്ടിടം പഞ്ചായത്തിന് വിട്ടുനല്‍കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും സൗകര്യമുള്ള മാതൃകാ ബഡ്സ് സ്‌കൂളായി തൃശ്ശിലേരി മാറും. മൂന്ന് കെട്ടിടങ്ങളാണുള്ളത്. ഇത് മുഴുവനായും പ്രയോജനപ്പെടുന്ന വിധത്തിലാണ് നവീകരണ പ്രവര്‍ത്തി നടത്തിയത്. 18 വയസുവരെയുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം. 27 പേരാണ് ഇപ്പോള്‍ ബഡ്‌സ് സ്‌കൂളിലുള്ളത്. ഒട്ടും പരിചരണം ലഭിക്കാത്ത ആദിവാസി വിഭാഗക്കാരാണ് കൂടുതല്‍. തൃശ്ശിലേരിയിലേക്ക് സ്‌കൂള്‍ എത്തുന്നതോടെ പതിനെട്ടിന് മുകളിലുള്ളവരേയും പ്രവേശിപ്പിച്ച് സെന്ററിനെ ബിആര്‍സിയാക്കി ഉയര്‍ത്താനുള്ള ശ്രമം പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് പ്രസിഡണ്ട് മായാദേവി പറഞ്ഞു, ബുദ്ധിവൈകല്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയവ ബാധിച്ചവര്‍ക്ക് പരിശീലനത്തിനും ഫിസിയോ തെറാപ്പിക്കുമെല്ലാം സൗകര്യം ഒരുക്കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഉള്‍പ്പെടെ ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് ബഡ്സ് സ്‌കൂള്‍ അനുവദിച്ചത്. പുതിയ ഡിസേബിള്‍ഡ് ടോയ് ലറ്റുകള്‍, വിശാലമായ അടുക്കള, കുട്ടികള്‍ക്കായി വലിയ കളിക്കളം എന്നിവ തയ്യാറായിക്കഴിഞ്ഞു