റോഡ് വികസനത്തിനായി സ്വന്തംവീട് പൊളിച്ച് ജനപ്രതിനിധി
റോഡ് വികസനത്തിന് വീട് തടസമായപ്പോള്‍ വീടിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കി മാതൃകയായി എടവക പഞ്ചായത്തിലെ ഒരു ജനപ്രതിനിധി. എടവക ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പറായ നജീബ് മണ്ണാറാണ് റോഡ് വികസനത്തിനായി വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി മാതൃകയായത്.
എടവക പാണ്ടിക്കടവ്- കണ്ടത്തുവയല്‍ റോഡിന്റെ രണ്ടാം ഘട്ട റീച്ച് പ്രവര്‍ത്തിയായ രണ്ടേ നാല്‍ – അയിലമൂല റോഡിന്റെ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുകയാണ്. റോഡ് നവീകരണത്തിന് പള്ളിക്കലിലെ മൂന്ന് വീടുകളുടെയും ചില കച്ചവട സ്ഥാപനങ്ങളുടെയും കുറച്ച് ഭാഗങ്ങള്‍ പൊളിക്കേണ്ടതായി വരും. വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് പള്ളിക്കല്‍ അങ്ങാടി അത് കൊണ്ട് തന്നെ ഇതു വഴി കടന്നു പോകുന്ന റോഡിനും വീതി നന്നേ കുറവാണ്.പ്രവര്‍ത്തി പുരോഗമിക്കുമ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയാല്‍ അത് റോഡ് നവീകരണത്തെ ബാധിക്കും. അത്തരമൊരു സാഹചര്യത്തിലാണ് ജനപ്രതിനിധിയായ നജീബ് മണ്ണാറും കുടുംബവും താമസിക്കുന്ന വീടിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കി റോഡ് വികസനത്തില്‍ പങ്കാളിയായത്. റോഡ് 16-ാം വാര്‍ഡിലാണെങ്കിലും നജീബ് കാട്ടിയ ഈ മാതൃക പൊതു സമൂഹവും കാണിക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
റോഡ് വികസനത്തിനായി ഇനിയും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും നജീബ് അറിയിച്ചു. നിലവില്‍ പള്ളിക്കലില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും വിഷയം പരിഹരിക്കാന്‍ ചൊവ്വാഴ്ച പ്രദേശവാസികളുടെ യോഗവും അധികൃതര്‍ വിളിച്ചിട്ടുണ്ട്.