കുന്ന് ഇടിച്ചു നിരത്തി  ഭൂമി മറിച്ചുവില്‍ക്കുന്നതായി പരാതി 

0

ബത്തേരി പുല്‍പ്പള്ളി റോഡരികില്‍ ഇരുളത്ത് കുന്ന് ഇടിച്ചു നിരത്തി ഭുമി മുറിച്ചുവില്‍ക്കുന്നതായി പരാതി. ഇരുളം വില്ലേജിന് കീഴില്‍ വരുന്ന പ്രദേശത്താണ് വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയും കുന്ന് ഇടിച്ചു നിരത്തിയും ഭൂമി മറിച്ചുവില്‍ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത് എന്നാല്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന രീതിയിലാണ് ഇവിടെ കുന്നിടിച്ച് മണ്ണിട്ട് മൂടിയിരിക്കുന്നതെന്നാണ് പരാതി. ഈ സ്ഥലത്ത് ഉണ്ടായിരുന്ന ഒട്ടേറെ വൃക്ഷങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. മുമ്പ് ആശുപത്രി നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലമെന്ന് ഇവിടെ ബോര്‍ഡ് സ്ഥാപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എതിര്‍പ്പോ പരാതികളോ ഉണ്ടാകാതെയിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ആക്ഷേപം.എന്നാല്‍ സ്ഥലമാകെ നിരപ്പാക്കിയ ശേഷം ബോര്‍ഡ് ഇവിടെ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതോടെയാണ് പ്രദേശവാസികളുടെ ഇടയില്‍ സംശയമുണര്‍ന്നത്. വരള്‍ച്ച രൂക്ഷമാകുന്ന പ്രദേശത്ത് വന്‍ മരങ്ങള്‍ മുറിച്ച് മാറ്റിയതിനെതിരെയും കുന്ന് ഇടിച്ച് നിരത്തിനെതിരെയും അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡരികിലുള്ള സ്ഥലമായിട്ടു കുടി റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. രണ്ടേക്കറോളം ഭുമിയിലാണ് ഇത്തരത്തില്‍ പ്രവൃത്തികള്‍ നടന്നിട്ടുള്ളത്. വന്‍തോതില്‍ മണ്ണെത്തിച്ച് ഇവിടം നിരപ്പാക്കിയിരിക്കുകയാണ് മഴ തുടങ്ങുന്നതോടെ എട്ടടിയോളം ഉയരത്തില്‍ മണ്ണിട്ട ഭാഗങ്ങള്‍ ഒലിച്ചിറങ്ങുമെന്ന ഭീതി പ്രദേശവാസികള്‍ക്കിടയിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!