ശ്രവ്യമാധ്യമ പുരസ്‌കാരം റേഡിയോ മാറ്റൊലിക്ക്
സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ 2019ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രവ്യമാധ്യമ വിഭാഗത്തില്‍ മികച്ച ഫീച്ചറിനുളള പുരസ്‌കാരം റേഡിയോ മാറ്റൊലിയ്ക്ക് ലഭിച്ചു. ക്ഷീരവാണി എന്ന പരിപാടിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ക്ഷീരമേഖലയിലെ ഏറ്റവും പുതിയ അറിവുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന് വിദഗ്ധര്‍ പങ്കെടുക്കുന്ന അഭിമുഖങ്ങള്‍ക്ക് പുറമേ ക്ഷീര കര്‍ഷകരുടെ വിജയഗാഥകളും ഉള്‍പ്പെടുത്തുന്ന പ്രതിവാര പരിപാടിയാണ് ക്ഷീരവാണി. ചെറുകിട കര്‍ഷകരുടേത് മുതല്‍ ഫാം ഉടമകളുടെ വരെ അനുഭവങ്ങളും ക്ഷീരമേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം പരിപാടിയില്‍ അടയാളപ്പെടുത്തുന്നു.
ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവാണ് തിരുവനന്തപുരത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോട് അനുബന്ധിച്ച് ഈ മാസം 26 ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
2018-19 വര്‍ഷം റേഡിയോ മാറ്റൊലിയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്. അംബേദ്കര്‍ , ഹരിതമുദ്ര പുരസ്‌കാരങ്ങളും പോയ വര്‍ഷം റേഡിയോ മാറ്റൊലിയ്ക്ക് ലഭിച്ച അംഗീകാരങ്ങളാണ്. കാമ്പുളള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനൊപ്പം ഹ്രസ്വചിത്ര നിര്‍മ്മാണത്തിലും റേഡിയോ മാറ്റൊലി ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളാണ് മാറ്റൊലി തയ്യാറാക്കി അവതരിപ്പിച്ച ഹ്രസ്വചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുളളത്.