വയോധികനെ കുത്തി കൊന്ന കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം. മുത്തങ്ങ കുമഴി കോഴിപ്പാടത്ത് ചന്ദ്രന്‍ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും വനം വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേ സമയം സംഭവമുണ്ടായിട്ടും റെയിഞ്ചര്‍ എത്താന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കി.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാ ശശിയുടെ അധ്യക്ഷതയില്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഇതിനു പുറമെ പത്ത് ലക്ഷം രൂപ അടിയന്തിരമായി ചന്ദ്രന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കും. കൂടാതെ 15 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യും. കുടുംബത്തില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കും. ഇത് സ്ഥിരമാക്കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യും. കുമഴിയിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നന്നതിന്നും സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യും. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. പ്രതിരോധ കിടങ്ങുകളും, ഫെന്‍സിംഗും നവീകരിക്കും. അടിയന്തര ധനസഹായം ഇന്നു തന്നെ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. അതേ സമയം സംഭവം നടന്നിട്ടും മുത്തങ്ങ റെയിഞ്ച് ഓഫീസര്‍ സ്ഥലത്തെത്താന്‍ വൈകിയതില്‍ നാട്ടുകാരുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായി.