വയനാടിന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്ന് ടൂറിസം സംരംഭകരുടെ യോഗം. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയിലായിരുന്നു ടൂറിസം സംരംഭകരുടെ യോഗം.
വയനാട് ജില്ലയുടെ പുതിയ ടൂറിസം സാധ്യതകള്‍ ഉള്‍ക്കൊണ്ടുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖലയില്‍ രണ്ടായിരത്തോളം ഉത്തരവാദിത്വ ടൂറിസം മിഷന്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുമായി ചേര്‍ന്ന് ടൂറിസം സംരംഭകര്‍ക്കുള്ള പുതു സാധ്യതകള്‍ കണ്ടെത്തുന്നതിനും സംയുക്ത പദ്ധതികളും ഇതര പ്രവര്‍ത്തനങ്ങളും ആലോചിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും ഹോംസ്റ്റേകളുടെയും സര്‍വ്വീസ് വില്ലകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഓരോ ജില്ലയിലും ആരംഭിച്ചിട്ടുള്ള ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളെ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുക, ടൂറിസത്തിലെ പുതിയ മാര്‍ക്കറ്റിംഗ് സാധ്യതകളെക്കുറിച്ച് അന്വേഷിക്കുക, കൂട്ടായ ചര്‍ച്ചകള്‍ നടത്തി തീരുമാനം ഉണ്ടാക്കുക എന്നിവയാണ് യോഗത്തിന്റെ ഉദ്ദേശം. ഉത്തരവാദിത്വ ടൂറിസം രംഗത്ത് വയനാട്ടില്‍ ഇതുവരെ 1850 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഇതുവരെ ഈ രംഗത്ത് രണ്ട് കോടി രൂപയുടെ ബിസിനസ് നടന്നതായി ജില്ലാ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ്ജ് സിജോ മാനുവല്‍ പറഞ്ഞു. യോഗത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് സിജോ മാനുവല്‍, ഡി.ടി.പി.സി. സെക്രട്ടറി ബി. ആനന്ദ്, ഡബ്ല്യു.ടി.ഒ. പ്രസിഡന്റ് കെ.ആര്‍.വാഞ്ചീശ്വരന്‍, ഹാറ്റ്സ് പ്രസിഡന്റ് അജയ് ഉമ്മന്‍, വയനാട് ടൂറിസം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനീഷ് ബി.നായര്‍, ഡബ്ല്യു.ഇ.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഇസാഖ്, ഡബ്ല്യു.ഡി.എം. വൈസ് പ്രസിഡന്റ് സജീഷ് കുമാര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.സലീം തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.ടി.മിഷന്‍ ആക്ടിവിറ്റീസ് പ്രോഡക്ട്സ് ഡവലപ്മെന്റ് & ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ എന്ന വിഷയത്തിലും എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം ആന്റ് ആര്‍.ടി.മിഷന്‍ എന്ന വിഷയത്തിലും ക്ലാസുകള്‍ നടത്തി.