അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ രാപ്പകല്‍ സമരം തുടങ്ങി.
രാവിലെ ബത്തേരി ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ നിന്ന് സ്ത്രീകളും ,കുട്ടികളുമടങ്ങുന്ന ഗ്രാമസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി നഗരം ചുറ്റിയാണ് സ്വതന്ത്ര മൈതാനിയിലെ സമരപന്തലില്‍ എത്തിയത്. തുടര്‍ന്ന് ബത്തേരി എം.എല്‍.എ ഐ .സി.ബാലകഷ്ണന്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു. അക്രമകാരികളായ കടുവകളെ ഈ പ്രദേശത്തു നിന്നും പിടികൂടുക ,വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക ,വടക്കനാടിനെ വന്യമൃഗശല്യത്തില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനസമരം. ഉദ്ഘാടന സമ്മേളനത്തില്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ജോബി മുക്കാട്ടുകാവുങ്കല്‍ അധ്യക്ഷത വഹിച്ചു.ബെന്നി കൈനിക്കല്‍ ,കരുണാകരന്‍ വെള്ളക്കെട്ട് ,കെ .ടി കുര്യാക്കോസ് ,മദന്‍ലാല്‍ ,തുടങ്ങിയവര്‍ സംസാരിച്ചു. സമരം നാളെ രാവിലെ 11 മണിക്ക് അവസാനിക്കും.