ആരോപണം വാസ്തവ വിരുദ്ധം – ഭരണ സമിതി
മാനന്തവാടി നഗരസഭക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ പ്രേരിതമെന്നും ഭരണ സമിതി.600 ഇരട്ടി വര്‍ദ്ധനവോടെ വസ്തുനികുതി വാങ്ങി ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന പ്രചരണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. 2016 ലെ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് വസ്തുനികുതി പരിഷ്‌കരണം നടപ്പാക്കിയത്.അത് അന്ന് യു.ഡി.എഫ് അടക്കമുള്ള അംഗങ്ങള്‍ അംഗീകരിച്ചതാണെന്നും ഭരണ സമിതി. ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് 10 രൂപയും കല്‍പ്പറ്റയില്‍ 12 രൂപയുമാണ് നികുതി നിരക്ക്. കേരളത്തിലെ 87 മുനിസിപ്പാലിറ്റികളില്‍ എവിടെയും 10 രൂപയില്‍ താഴെ നിരക്കില്ല. യു.ഡി.എഫ് ഭരിക്കുമ്പോഴാണ് കല്‍പറ്റയില്‍ 12 രൂപ നിശ്ചയിച്ചത്. 2017-18 മുതല്‍ മാനന്തവാടി നഗരസഭ പുതുതായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും പുതുക്കിയ നിരക്ക് വാങ്ങി വരുന്നു. നാളിതുവരെയായി പൊതുജനങ്ങളും പ്രതിപക്ഷവും ഇക്കാര്യത്തില്‍ പരാതി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.ടി.ബിജു, ശാരദ സജീവന്‍, ലില്ലി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.