ബി.സി.എല്‍.എസ് പരിശീലന പരിപാടി തുടങ്ങി.

0

ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ബി.സി.എല്‍.എസ്(ബേസിക് കാര്‍ഡിയോ പള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലന പരിപാടി കലക്ടറേറ്റില്‍ തുടങ്ങി.ആസൂത്രണഭവനിലെ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമശുശ്രൂഷാ പാഠം പകര്‍ന്നുനല്‍കുന്നതിലൂടെ അവരുടെ കുടുംബങ്ങളിലും ജീവന്‍രക്ഷാ മാര്‍ഗങ്ങളുടെ പ്രാധാന്യം എത്തിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതുവഴി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സമയോജിത ഇടപെടലുകള്‍ നടത്താന്‍ കഴിയും. ഡി.എം.ഒ ഡോ. ആര്‍.രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരണം നടത്തി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. നാസര്‍, സെക്രട്ടറി ബിനില്‍ മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗ്ഗീസ്, സെക്രട്ടറി ഡോ. ജിതേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
പനമരം നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, റെഡ്ക്രോസ് സൊസൈറ്റി അംഗങ്ങള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങി 107 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കാണ് ഇന്ന് പരിശീലനം നല്‍കിയത്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ് (ഐ.എസ്.എ), ഇന്ത്യന്‍ റെസുസിറ്റേഷന്‍ കൗണ്‍സില്‍ (ഐ.ആര്‍.സി) എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. ഐ.ആര്‍.സിയില്‍ നിന്നുള്ള ഡോ. ബാബു വര്‍ഗീസ്, ഡോ. ഇ.കെ.എം. അബ്ദുള്‍ നാസര്‍, ഡോ. ബിനില്‍ ഐസക് മാത്യു, ഡോ. പി ശശിധരന്‍, ഡോ. മഞ്ജിത് ജോര്‍ജ്, ഡോ. വിനോദ് എസ് നായര്‍, ഡോ. വിജീഷ് വേണുഗോപാല്‍, ഡോ. ഡൊമിനിക് മാത്യു, ഡോ. രഞ്ജു നൈനാന്‍, ഡോ. തസ്ലീം ആരിഫ്, ഡോ.പോള്‍ റാഫേല്‍, ഡോ. സല്‍മാന്‍, ഡോ. കൃഷ്ണന്‍ ജിതേന്ദ്രനാഥ്, ഡോ. ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍.ബി.എസ്.കെ നഴ്സുമാരര്‍, പാലിയേറ്റീവ് ജീവനക്കാര്‍, ആരോഗ്യകേരളം ജീവനക്കാര്‍ തുടങ്ങി 100 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നാളെ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!