ആവേശമായി ഗോത്ര ഫെസ്റ്റ്
കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറിയില്‍ സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് ശ്രദ്ധേയമായി. എടവക പഞ്ചായത്തിലെ വിവിധ കോളനികളില്‍ നിന്ന് എത്തിയ കുട്ടികള്‍ ഗോത്ര കലകളായ വട്ടക്കളി, നാടന്‍പാട്ട്, തുടിയും ചീനീയും എന്നിവ വേദിയില്‍ അവതരിപ്പിച്ചു. ഹര്‍ഷാരവത്തോടെയും കൂടെ നൃത്തം ചെയ്തുമാണ് സദസ്സ് എതിരേറ്റത്. ഗോത്ര കലകളിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുകയും കൊഴിഞ്ഞ് പോക്ക് തടയുകയുമാണ് ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്‌കുള്‍ അധികൃതര്‍ പറഞ്ഞു.പഴയ കാലത്ത് ഉപയോഗിച്ച പാത്രങ്ങള്‍, ആയുധങ്ങള്‍, വിവിധ കറി ഇലകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും,ഗോത്രമൂപ്പന്‍മാരെ ആദരിക്കല്‍,അമ്മമാരുടെ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.ഗോത്ര ഫെസ്റ്റ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ എന്‍ പി, പ്രധാനധ്യാപിക അന്നമ്മ എം ആന്റണി, ഗ്രാമപഞ്ചായത്തംഗം നജീബ് മണ്ണാര്‍ ,സാബു പി ജോണ്‍ ,സാല്‍വിഷാജു ,ഷൈന്‍ സി മാത്യു, യു സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.