ബത്തേരിയിലെത്തിയ മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍. യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ് കരിങ്കൊടിയുമായി മന്ത്രിമാരുടെ വാഹനത്തിനുമുന്നിലേക്ക് ഇരച്ചെത്തിയത്. മുന്‍കരുതലെന്ന നിലയില്‍, പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ബത്തേരി സര്‍വ്വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ വീടും, സ്‌കൂളും സന്ദര്‍ശിക്കാനുമെത്തിയ മന്ത്രിമാര്‍ക്കെതിരെയാണ് കിരങ്കൊടി പ്രതിഷേധവുമായി യുവജനസംഘടനകള്‍ എത്തിയത്. ബത്തേരിയില്‍ അതിരാവിലെ തന്നെ മന്ത്രിമാര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് യുവജന സംഘടന പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിരുന്നു. ബത്തേരി ട്രാഫിക് ജംഗ്ഷനുസമീപം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ എന്നിവരുടെ വാഹനമെത്തിയതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി റോഡിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവിരെ ബലം പ്രയോഗിച്ച് നീക്കി. തുടര്‍ന്ന് സര്‍വ്വജന സ്‌കൂളില്‍ വാഹനവ്യൂഹം എത്തിയതോടെ ഇവിടെ തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പിന്നീട് മന്ത്രിമാര്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍പോയി തിരിച്ചെത്തുമ്പോള്‍ പ്രതിഷേധിക്കാനായി സ്ഥലത്തുതന്നെ തമ്പടിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങിയതിനുശേഷമാണ് ഇവരെ വിട്ടയച്ചത്. മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശി്ച്ച് മടങ്ങുമ്പോള്‍ എം എസ് എഫ് പ്രവര്‍ത്തകരും മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധവുമായെത്തി.