കെ. എസ് ആര്‍ ടിസിയില്‍ തൊഴിലാളികള്‍ക്ക് ശമ്പള നിഷേധം; അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരവുമായി തൊഴിലാളികള്‍. ബത്തേരി ഡിപ്പോയിലെ തൊഴിലാളികളാണ് സമരം ആരംഭിച്ചിരിക്കുന്നത്.
കെ. എസ് ആര്‍ ടി സിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സംഘടനകളുടെ പിന്‍ബലമില്ലാതെ ഒറ്റക്കെട്ടായി അനിശ്ചിത കാല റിലേ സത്യാഗ്രഹ സമരം ആരഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ബത്തേരി ഡിപ്പോയില്‍ ഇന്നു മുതല്‍ തൊഴിലാളികള്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുന്നത്. അതേ സമയം സര്‍വ്വീസുകളെ ബാധിക്കാത്തതരത്തിലാണ് തൊഴിലാളികളുടെ പ്രതിഷേധ പരിപാടി. ഡിഎ കുടിശ്ശിക അനുവദിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, കെ എസ് ആര്‍ ടി സി ബസ്സുകളുടെ സുഖമമായ നടത്തിപ്പിന് സ്പെയര്‍പാര്‍ട്സുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു നടത്തുന്ന സമരത്തില്‍ തൊഴിലാളികള്‍ എല്ലാവരും ഒറ്റക്കെട്ടായാണ് പങ്കെടുക്കുന്നതെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി തൊഴിലാളികളുടെ പ്രതിഷേധ സമരപരിപാടികള്‍ മറ്റ് ഡിപ്പോകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്.