ബൂത്തുകളിൽ തെർമൽ സ്‌കാനർ; പുറത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ; തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഇങ്ങനെ

0

കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും, സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കും.

പൊതുതിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുവിമുക്തമാക്കണം. മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്‌കാനറും പിപിഇ കിറ്റുകളും ബ്രേക്ക് ദ ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്‌ക്ക് കോർണറും ബൂത്തുകളിൽ സജ്ജീകരിക്കണം. പ്ലാസ്റ്റിക് ഗ്ലൗസുകൾ, ഫേസ് ഷീൽഡ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കണം.പോളിങ് ബൂത്തിന് പൂറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം. പോളിങ് ബൂത്തിന് മുമ്പിൽ വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.

വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ചവർ ബൂത്തുകളിലുണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യൂ നിർബന്ധമില്ല. പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം ചെയ്യുന്നിടത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവർ മാസ്‌ക്, കൈയ്യുറ നിർബന്ധമായും ധരിക്കണം. വോട്ടെടുപ്പ് ദിനത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡ് മാസ്‌ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ ഉണ്ടായിരിക്കണം. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. വോട്ടർമാർ മാസ്‌ക് ധരിച്ച് തിരിച്ചറിയൽ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാം. ബൂത്തിനകത്ത് ഒരേസമയം മൂന്ന് വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് മാത്രമായിരിക്കും പ്രവേശനം.

Story Highlights: covid protocols in voting booth

Leave A Reply

Your email address will not be published.

error: Content is protected !!