വയനാട് മെഡിക്കല്‍ കോളേജിന് ചുണ്ടേല്‍ എസ്‌റ്റേറ്റ് ഭൂമി അനുയോജ്യമാണെന്ന് സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട്. വിദഗ്ധ സംഘം അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ ജി സുരേഷാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചുണ്ടേല്‍ വില്ലേജില്‍ കോഴിക്കോട് രൂപതയുടെ ഉടമസ്ഥതയിലുള്ള 50ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളേജിന് ഏറ്റവും അനുയോജ്യമാണെന്നാണ് കണ്ടെത്തല്‍. നേരത്തെ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് പുളിയാര്‍മലയില്‍ സൗജന്യമായി നല്‍കിയ എസ്റ്റേറ്റിലായിരുന്നു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ നീക്കങ്ങളാരംഭിച്ചത്. എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജിന് ശിലാസ്ഥാപനം നടത്തിയിരുന്നു. ചുണ്ടേല്‍ ഭൂമിയില്‍ വീടുകളോ കെട്ടിടങ്ങളോ ഇല്ലെന്നത് പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉദിക്കുന്നില്ല. പരിസ്ഥിതി ആഘാത പഠനം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.