കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡ് നിര്‍മ്മാണം; ഹര്‍ജിക്കാരന്‍ നിരുപാധികം സ്ഥലം വിട്ടുനല്‍കി.

0

കേസിനെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണം തടസ്സപ്പെട്ട കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡിനായി ഹര്‍ജിക്കാരന്‍ നിരുപാധികം സ്ഥലം വിട്ടുനല്‍കി മാതൃകയായി. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസിലെ ഹര്‍ജിക്കാരന്‍ പിണങ്ങോട് കൂട്ടായി വീട് അബ്ദുള്ള ഹാജി മകന്‍ കെ.ഹാരീസ് ആണ് ജില്ലാ കളക്ടറുടെ മുമ്പാകെ ഇന്നലെ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം കളക്ടര്‍ നിയോഗിച്ച സംഘം സ്ഥലപരിശോധന നടത്തിയിരുന്നു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, ജില്ലാ ലോ ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ), പിഡബ്ല്യുഡി (റോഡ്സ്) അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്ഥലപരിശോധന റിപോര്‍ട്ടില്‍ ഹര്‍ജിക്കാരനായ കെ. ഹാരീസിന്റെ ആധാരത്തില്‍ ഉള്‍പ്പെട്ടതു കൂടാതെ കൈവശത്തിലുണ്ടായിരുന്ന അല്പം സ്ഥലവും റോഡ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ചേമ്പറില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കെ. ഹാരീസ് പ്രസ്തുത സ്ഥലം നിരുപാധികം റോഡ് വികസനത്തിനായി വിട്ടു നല്‍കാന്‍ തയ്യാറായത്. ഇക്കാര്യത്തില്‍ യാതൊരു ആക്ഷേപവും തടസ്സവാദവും ഉന്നയിക്കില്ലെന്നും ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസുകള്‍ സ്വമേധയാ പിന്‍വലിക്കുമെന്നും ഹര്‍ജിക്കാരന്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.നിലവില്‍ 75 ഓളം ഹര്‍ജിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉടമസ്ഥരുടെ സമ്മതപ്രകാരമോ നഷ്ടപരിഹാരം നല്കിയോ മാത്രമേ സ്ഥലം ഏറ്റെടുക്കാവു എന്ന വിധിയും ഹര്‍ജിക്കാര്‍ സമ്പാദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡ് വികസനം ഇഴഞ്ഞു നിങ്ങുകയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.725 കിലോ മീറ്റര്‍ ദൂരത്തില്‍ 56.66 കോടി രൂപയിലാണ് റോഡ് വികസനം നടപ്പാക്കുന്നത്. ഹരജിക്കാരന്‍ സ്വമേധയ പിന്‍മാറിയ സാഹചര്യത്തില്‍ മറ്റുള്ളവരും റോഡ് വികസനത്തിനായി ഇതെ നിലപാട് സ്വീകരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും പ്രതീക്ഷ.

Leave A Reply

Your email address will not be published.

error: Content is protected !!