ദേശീയപാത 766 ല്‍ പാതിരിപ്പാലം ഇറക്കത്തിലുള്ള റോഡില്‍ അപകടം വിളിച്ചോതി വന്‍ ഗര്‍ത്തങ്ങള്‍. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. അപകടം പതിവായിട്ടും നടപടിയെടുക്കാത്ത ദേശീയപാത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ന് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ സൂചനാ സമരം നടത്തി.
കഴിഞ്ഞ പ്രളയകാലത്ത് റോഡിന്റെ മധ്യഭാഗത്തായി ഉറവ വന്നതിനെത്തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. ദേശീയപാതയിലെ ഏറ്റവും പ്രധാനപ്പെട്ട അപകട മേഖലയാണ് പാതിരിപ്പാലത്തുള്ള ഇറക്കം. അധികൃതര്‍ താല്‍ക്കാലികമായി അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകരുകയാണുണ്ടായത്. ഈ ഭാഗത്തും മറ്റുമായി അറ്റകുറ്റപ്പണികള്‍ നടത്തി കോടികള്‍ പാഴാക്കിയ ഉദ്യോഗസ്ഥരെ വിജിലന്‍സ് അന്വേഷണം നടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം.ഗര്‍ത്തത്തില്‍ ചെടി നട്ട് പ്രതിഷേധിച്ച കൂട്ടായ്മ പ്രവര്‍ത്തകര്‍ ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് പോലീസ് അധികാരികളുടെ ഉറപ്പിന്‍മേല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പു.റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കാത്ത പക്ഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ദേശീയപാത ഓഫീസ് ഉപരോധം അടക്കമുള്ള വന്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് ചെയര്‍മാന്‍ വി സുരേഷ് പറഞ്ഞു.