നഗരസഭയുടെ നേതൃത്വത്തില്‍ നാളെ മനുഷ്യചങ്ങല
മാനന്തവാടി നോര്‍ത്ത് ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിലെ സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് പ്ലാന്റേഷനായി മാറ്റുന്നതിനെതിരേ നഗരസഭയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 3.30 മുതല്‍ 4.30 വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒണ്ടയങ്ങാടി മുതല്‍ താഴെ 54 വരെയാണ് മനുഷ്യച്ചങ്ങല. മൂവായിരത്തോളം പേര്‍ ചങ്ങലയില്‍ കണ്ണികളാവും. സ്വഭാവിക വനം വെട്ടിമാറ്റുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്നതോടൊപ്പം വന്യജീവികളുടെ ആവാസ്ഥ വ്യവസ്ഥക്കും തടസമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, വന്യമൃഗശല്യ പ്രതിരോധ കര്‍മസമിതി ചെയര്‍മാന്‍ ടി.സി. ജോസഫ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.