ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ കൃഷി, ജല വിഭവ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയ്ക്ക് പ്രത്യേക വിഹിതമായി മൂന്ന് കോടി രൂപ ലഭിച്ചു. രാജ്യത്ത് പദ്ധതിയ്ക്ക് കീഴില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ഭാഗമായാണ് തുക ലഭിച്ചത്. ജില്ലാ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് റിവ്യൂ മീറ്റിങില്‍ നോഡല്‍ ഓഫീസറും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഡയറക്ടര്‍ ജനറലുമായ ഡോ. വി.പി ജോയ് ഇരു വകുപ്പുകളേയും അഭിനന്ദനമറിയിച്ചു. ആരോഗ്യവും പോഷകാഹരവും, വിദ്യാഭ്യാസം, കൃഷിയും ജല വിഭവങ്ങളും, സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യ ശേഷി വികസനവും, അടിസ്ഥാന സൗകര്യം എന്നീ പിന്നോക്കം നില്‍ക്കുന്ന മേഖലകളാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്. ലഭിച്ച മൂന്നു കോടി രൂപ ഈ മേഖലളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ആരോഗ്യ മേഖലയില്‍ വരദൂര്‍, മുള്ളന്‍കൊല്ലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ 60 ലക്ഷം രൂപ വീതം 1 കോടി 20 ലക്ഷം രൂപ യോഗം അനുവദിച്ചു. കൃഷി മേഖലയില്‍ മൈാബൈല്‍ സോയില്‍ ടെസ്റ്റിങ് ലാബ് നിര്‍മിക്കാന്‍ 50 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയില്‍ ജില്ലയില്‍ സങ്കരയിനം കന്നുകാലികളില്‍ ഡോര്‍ ടു ഡോര്‍ കുത്തിവെപ്പ് നടത്തുന്നതിനുള്ള സമഗ്ര പരിപാടി നടപ്പിലാക്കാന്‍ 50 ലക്ഷം രൂപയും യോഗം അനുവദിച്ചു.
ജില്ലയുടെ ഹൂമന്‍ ഡെലവപ്മെന്റ് ഇന്‍ഡകസ് ഉയര്‍ത്തുന്നതിന് പദ്ധതിക്ക് കീഴിലെ സെക്ടര്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഡോ. വി.പി ജോയ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വണ്ടര്‍ മാത്സ് പദ്ധതിയില്‍ പട്ടികകള്‍ (ടേബിള്‍) കൂടി ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. 3, 5, 8 ക്ലാസുകളില്‍ 40 ശതമാനം മാര്‍ക്കില്‍ താഴെയുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയാണത്. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ വിവിധ സ്‌കീമുകള്‍ പരിചയപ്പെടുത്തി സ്‌കൂളുകളുടെ നിലവാരം വിലയിരുത്തണമെന്നും ഡോ. വി.പി ജോയ് നിര്‍ദ്ദേശിച്ചു. ആദിവാസി കോളനികളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് കിണറുകള്‍ നിര്‍മിക്കാന്‍ കിണറുകളില്ലാത്ത കോളനികള്‍ കണ്ടെത്താന്‍ യോഗം ഐറ്റിഡിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ടെത്തിയ കോളനികളുടെ ലിസ്റ്റ് തയ്യാറാക്കി വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സ്‌കീമിന്റെ ഭാഗമായി സ്മാര്‍ട്ട് അംഗണവാടികള്‍ നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് 1 കോടി 20 ലക്ഷം രൂപ ജില്ലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ ബ്ലോക്കില്‍ കാപ്പംകൊല്ലി, പനമരം ബ്ലോക്കില്‍ വരദൂര്‍, മാനന്തവാടി ബ്ലോക്കില്‍ കരയോത്തിങ്കല്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ അമ്പതേക്കര്‍ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് അംഗണവാടികള്‍ നിര്‍മിക്കുന്നത്. ഒരു മാസത്തിനകം പ്രവൃത്തി ആരംഭിക്കും. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് സ്പെഷ്യല്‍ ഓഫീസര്‍മാരായ ഡോ. ജിതേന്ദ്ര നാഥ്, ജി. ബാലഗോപാല്‍, പ്രൊഫ. ടി. മോഹന്‍ബാബു, ചെറുവയല്‍ രാമന്‍, പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്ര ജി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post