വൃക്ക രോഗികള്‍ക്ക് പ്രതിമാസം മൂവായിരം രൂപ ധനസഹായം നല്‍കുന്ന ജീവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ നൂതന പദ്ധതിയായി നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഹാളില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം അതത് തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍ പ്രത്യേകം തയ്യാറാക്കിയ ചിരാതില്‍ ദീപം തെളിച്ചും നിര്‍വ്വഹിച്ചു.
ആരോഗ്യ സൂചകങ്ങളില്‍ രാജ്യത്ത് മുമ്പില്‍ നില്‍ക്കുമ്പോളും ജീവിതശൈലി രോഗമായ പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം മാറുന്ന യാഥാര്‍ത്ഥ്യമാണ് ഇന്നുളളതെന്ന് മന്ത്രി പറഞ്ഞു. ആളുകള്‍ക്കിടയിലെ തെറ്റായ ഭക്ഷണ രീതികളും വ്യായാമമില്ലായ്മയും ഇതിന് ആക്കം കൂട്ടുന്നു. ആരോഗ്യ സംരക്ഷണം ജീവിതവ്രതമായി കാണുന്ന തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ കൂടുതല്‍ ബജറ്റ് വിഹിതം നല്‍കുന്ന ഭരണസംവിധാനമാണ് ഏതൊരു രാജ്യത്തുമുണ്ടാകേണ്ടത്.വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്. നിലവില്‍ കേന്ദ്രസഹായമായി സംസ്ഥാനത്തിന് ലഭിക്കുന്ന തുക പര്യാപ്തമാകാത്ത സാഹചര്യമാണുളളതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം പദ്ധതി സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ലാബ് സൗകര്യം ലഭ്യമാകും. ഇത് നേരത്തെയുളള രോഗനിര്‍ണ്ണയം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ താലൂക്ക് ആസ്പത്രികളിലും ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. സമഗ്ര ട്രോമാകെയര്‍ കനിവ് 108 പദ്ധതിയിലൂടെ ജില്ലയ്ക്ക് 11 ആംബുലന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരു കോടി രൂപ ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് ചികില്‍സാ ധനസഹായ ഫണ്ട് യാഥാര്‍ത്ഥ്യമാക്കുന്നത്. ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 70 ലക്ഷം രൂപയും സമാഹരിച്ചാണ് ഫണ്ടിന് രൂപം നല്‍കിയിരിക്കുന്നത്. ഡയലിസിസ് ആവശ്യമായ ജില്ലയിലെ സ്ഥിരതാമസക്കാരായ രോഗികള്‍ക്ക് അവര്‍ ഏത് ആസ്പത്രിയില്‍ ചികില്‍സ തേടിയാലും ധനസഹായം നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ 392 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇരുന്നൂറോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കി കഴിഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ പദ്ധതി വിശദീകരണം നടത്തി. സ്വാന്തനമേകാന്‍ അയല്‍ കണ്ണി പദ്ധതി ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ഡയാലിസിസ് രോഗികള്‍ക്കുളള ധനസഹായ വിതരണം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും അവയവം മാറ്റി വെച്ച രോഗികള്‍ക്കുളള ധനസഹായം ഒ.ആര്‍ കേളു എം.എല്‍.എയും നിര്‍വ്വഹിച്ചു. ജീവനം പദ്ധതിക്കായി ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,വകുപ്പുകള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്. കെ.എം.സി.സി ദമാം, കെ.എസ്.ഇ.ബി, കുടുംബശ്രീ മിഷന്‍, തുടങ്ങിയവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. നാസര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍മാരായ എ.ദേവകി, പി.കെ അനില്‍ കുമാര്‍, കെ.മിനി,അനിലാ തോമസ്, ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post