8 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടും ബൈക്ക്

0

പെട്രോള്‍ വില വര്‍ദ്ധനവ് എത്ര കൂടിയാലും വൈത്തിരിക്കാരന്‍ ജൂഡ് തദേവൂസിന് പേടി ഇല്ല.സ്വന്തമായി കണ്ടു പിടിച്ച ഇലക്ട്രിക്ക് ബൈക്ക് 8 മണിക്കുര്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ ഓടും. നൂതനമായ കണ്ടു പിടിത്തത്തിലൂടെ വയനാട്ടുകാര്‍ക്ക് അഭിമാനമായി മാറുകയാണ് ഈ പ്രതിഭ.നൂതനമായ കണ്ടു പിടിത്തത്തിലൂടെ ജൂഡ് തദേവൂസും പി ജെ ശ്രീജിത്തും വയനാട്ടുകാര്‍ക്ക് അഭിമാനമായി മാറുകയാണിപ്പോള്‍. കല്‍പ്പറ്റ കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്ങിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ ഇരുവരും. റിവേഴ്‌സില്‍ സഞ്ചരിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ബൈക്കാണ് ഉണ്ടാക്കിയെടുത്തത്. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞ് റിവേഴ്‌സ് സ്വിച്ച് ഇട്ട് ആക്‌സിലേറ്റര്‍ കൊടുത്താല്‍ എളുപ്പത്തില്‍ പിറകോട്ടു പോവും. റിവേഴ്‌സ് സഞ്ചരിക്കുക മാത്രമല്ല, എട്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. അഥവാ ചാര്‍ജ് കഴിഞ്ഞാല്‍ വെറും പത്ത് മിനിറ്റ് നിര്‍ത്തിയിട്ടാല്‍ സ്വമേധയാ ചാര്‍ജായി 20 കിലോമീറ്റര്‍ പിന്നെയും യാത്ര ചെയ്യാം. ഇത് വീണ്ടും തുടരാം. 20 എംഎഎച്ച് ഉള്ള നാല് ബാറ്ററിയും ഒരു മോട്ടറുമാണ് ഇതിനായി ഉപയോഗിക്കുന്നത്. 35 കിലോമീറ്ററാണ് വേഗതാ പരിധി. നിലവിലുള്ള ഇലക്ട്രിക്ക് വണ്ടികള്‍ക്ക് മൈലേജ് കുറവും, വില കൂടുതലും, കയറ്റം കയറാന്‍ ബുദ്ധിമുട്ടാണ് ഇതിനൊക്കെ പരിഹാരമുണ്ടാക്കാനാണ് ബൈക്ക് കണ്ടു പിടിച്ചതെന്ന് ജൂഡും ശ്രീജിത്തും പറയുന്നു. ഈ ടെക്‌നേളജിയിലുള്ള വണ്ടികള്‍ക്കായി ഓര്‍ഡറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. കോളേജില്‍ ഇരുവരും പ്രൊജക്ടിന്റെ ഭാഗമായി മൗണ്ടയ്ന്‍ ബൈക്ക് ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍. രണ്ടുവര്‍ഷം മുന്‍പ് പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ജൂഡ് റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ക്ലീനിങ് കാര്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ച്ചയായി നാലു മണിക്കൂര്‍ കാര്‍ പ്രവര്‍ത്തിപ്പിക്കാം. റോളറും മോപ്പും വാട്ടര്‍ സ്‌പ്രെയറും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2005 മോഡല്‍ ആക്ടീവയുടെ എഞ്ചിന്‍ ഉപയോഗിച്ച് ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന കാറും ജൂഡ് ഉണ്ടാക്കിയിട്ടുണ്ട്. കാറിനു വേണ്ട ചെയ്‌സും മറ്റു ഭാഗങ്ങളും വീട്ടില്‍ തന്നെയുള്ള കിംഗ് ഇലക്ട്രിക്കല്‍ ഗ്യാരേജില്‍ ഉണ്ടാക്കിയെടുത്തതാണ്. രണ്ടാഴ്ചക്കുള്ളില്‍ പുകമലിനീകരണം കൂടുതലുണ്ടാക്കുന്ന ടു സ്‌ട്രോക്ക് വണ്ടികളിലെ പുക വീട്ടില്‍ പാചകത്തിനു പയോഗിക്കാവുന്ന ലിക്വിഡ് ആക്കി മാറ്റുന്ന പുതിയ ആശയത്തിന് തുടക്കം കുറിക്കും. ഭാവിയില്‍ ഏതുതരത്തിലുള്ള പ്ലാസ്റ്റിക്കില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഉപകരണവും പ്രളയത്തിലും മറ്റും സഹായകമാകുന്ന രീതിയിലുള്ള ഓണ്‍റോഡും ഒഫ്‌റോഡും വെള്ളത്തിലൂടെയും സഞ്ചരിക്കാന്‍ പറ്റുന്ന രീതിയിലുള്ള കാര്‍ ഉണ്ടാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തികമാണ് പ്രശ്‌നം. ഇലക്ട്രോണിക്‌സില്‍ ശാസ്ത്രജ്ഞന്മാരാകാനാണ് ഇവരുടെ ആഗ്രഹം. പിന്തുണയുമായി അധ്യാപകരും കുടുംബവും കൂടെയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!