സുൽത്താൻ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണപ്രഖ്യാപിച്ച് ജില്ലയിലെ സ്വകാര്യ ബസ്സുകൾ ഉച്ചവരെ സർവീസ് നിർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലയിലെ മുന്നൂറോളം ബസുകളാണ് സർവീസ് നിർത്തിവെച്ചത്. കൂടാതെ ഉടമകളും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബത്തേരിയിൽ ഐക്യദാർഢ്യ പ്രകടനവും നടത്തി.
ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുവജന സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ജില്ലയിലെ മുഴുവൻ സർവീസുകളും നിർത്തിവെച്ചു സ്വകാര്യ ബസ് മേഖല ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിൻറെ ഭാഗമായി മുന്നൂറോളം സ്വകാര്യ ബസ്സുകൾ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് സർവീസ് നിർത്തിവെച്ചത്. സമരത്തിന്റെ ഭാഗമായി ബത്തേരി ടൗണിൽ ഉടമകളും തൊഴിലാളികളും പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനവും നടത്തി. അതിനുപുറമേ നൂറോളം ബസ്സുകൾ പ്രതിഷേധ സൂചകമായി ടൗണിലൂടെ ഐക്യദാർഢ്യറാലിയും നടത്തി. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഹരിദാസ് പറഞ്ഞു