ജോണ്‍ മാസ്റ്റര്‍ കൃഷിയിലും പ്രിന്‍സിപ്പാള്‍…!
കൊവിഡ് കാലത്ത് ആരംഭിച്ച കൃഷിരീതി തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍. മാനന്തവാടി താഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ കേളേജ് പ്രിന്‍സിപ്പാളും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.ജെ. ജോണ്‍ മാസ്റ്ററാണ് തന്റെ കൃഷിയില്‍ വീണ്ടും വ്യാപൃതനായത്. തിരക്കിനിടയിലും ഒരേക്കര്‍ സ്ഥലത്ത് വിവിധ ഇനം പച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ് ജോണ്‍ മാഷ്.
എന്നും ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരികയും അവര്‍ക്കായി ഒരു കോളേജ്തന്നെ നടത്തിവരികയും ചെയ്യുന്ന ജോണ്‍ മാസ്റ്റര്‍ കൊവിഡ് കാലത്ത് കോളേജ് അടച്ചതിനെ തുടര്‍ന്നാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ കോളേജ് തുറന്ന സ്ഥിതിയിലും ജോണ്‍ മാഷ് കൃഷിയും തുടരുന്നതാണ് കാണുന്നത്.
മാനന്തവാടി ആറാട്ടുതറ ശാന്തിനഗര്‍ ഒരപ്പ് കുന്ന് റോഡില്‍ വീടിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ജോണ്‍ മാസ്റ്റര്‍ പച്ചക്കറി ക്യഷി തുടങ്ങിയത്. കൊവിഡിന്ശേഷവും മാഷ് അത് തുടര്‍ന്ന് വരികയാണ് സ്ഥലത്തിന് തൊട്ടുള്ള തോട്ടില്‍ നിന്നും വെള്ളം ചുമന്ന് കൊണ്ട് വന്നാണ് കൃഷിയിടങ്ങള്‍ നനക്കുന്നത്. കോവിഡിന് ശമനം വരുകയും, കോളേജ് തുറന്ന് ജോലി ഭാരം കൂടിയെങ്കിലും കൃഷി ഉപേക്ഷിക്കാന്‍ ജോണ്‍ മാസ്റ്റര്‍ തയ്യാറല്ല.
ഇപ്പോഴും ക്യഷിയിടങ്ങളിലെ ജോലി ചെയ്യാന്‍ ഈ അധ്യാപകന്‍ മറ്റാരുടെയും സഹായം തേടുന്നില്ല എന്നതും മാഷിന്റെ പ്രത്യേകതയാണ്. കോളേജില്‍ പോകുന്നതിനാല്‍ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരമാണ് ക്യഷി ഇടത്തില്‍ ജോലി ചെയ്യുന്നത്. കപ്പ, ഇഞ്ചി, ചേമ്പ്, കാച്ചല്‍, ചെറുകിഴങ്ങ്, വാഴ, കാബേജ്, പച്ചമുളക്, വഴുതിനിങ്ങ, തുടങ്ങി നിരവധി പച്ചക്കറികളാണ് ക്യഷി ചെയ്യുന്നത്.