ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിലൂടെ സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ അവസരം ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികളെ പദ്ധതിയുമായി സഹകരിപ്പിക്കാന്‍ സാധിക്കണമെന്ന് നോഡല്‍ ഓഫീസര്‍ ഡോ.വി.പി ജോയി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കി വരുന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താന്‍ ജില്ലാ ആസൂത്രണഭവനില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വികസനത്തിനുതകുന്ന പ്രോജക്ടുകള്‍ തയ്യാറാക്കി ഫണ്ടുകള്‍ കണ്ടെത്തണം. ഇക്കാര്യത്തില്‍ എന്‍.ജി.ഒകളുടെ സഹകരണവും തേടാം. കൂടാതെ ജില്ലയുടെ സി.എസ്.ആര്‍ പാര്‍ട്ണര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കുന്നതിലും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം,കുടിവെളളം, കൃഷി എന്നീ മേഖലകളിലെ ചില ഭാഗങ്ങളില്‍ പുരോഗതി വരുത്താന്‍ സാധിച്ചാല്‍ ജില്ലയുടെ റാങ്കിംഗ് ഉയരുന്നതിന് സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. വിവിധ മേഖലകളില്‍ രാജ്യത്തെ മറ്റ് ജില്ലകളെക്കാള്‍ മുന്നിലാണെങ്കിലും പദ്ധതിയില്‍ പോയിന്റ് കണക്കാക്കുന്നതിലെ സാങ്കേതികത്വമാണ് പ്രധാനമായും ജില്ലയ്ക്ക് റാങ്കിംഗ് മെച്ചപ്പെടുന്നതില്‍ തടസ്സമാകുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരോഗ്യ,വിദ്യാഭ്യാസരംഗത്താണ് ഇത് കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത്. ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവരില്‍ പോഷാകാഹാര കുറവും ഭാരകുറവും കാണപ്പെടുന്നത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവ പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഡോ.വി.പി ജോയി പറഞ്ഞു. ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളെ കണ്ടെത്തി അവിടുത്തെ അങ്കണവാടി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടി വരും. ആരോഗ്യ വകുപ്പും ഐ.സി.ഡി.എസും സംയോജിച്ച പ്രവര്‍ത്തനം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജെ.പി.എച്ച് നഴ്സുകളുടെ ആഭാവം കൂടുതലായ സാഹചര്യത്തില്‍ ജില്ലയില്‍ ജെ.പി.എച്ച് കോഴ്സുകള്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്നും ഡോ.വി.പി ജോയി നിര്‍ദ്ദേശിച്ചു. ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഗണിതത്തില്‍ പിന്നാക്കം നില്‍ക്കുന്ന സാഹചര്യം ഉളളതായി പദ്ധതിക്കായി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അധ്യാപകര്‍ പഠനകാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഗണിതാധ്യാപകരുടെ യോഗം വിളിക്കാന്‍ വിദ്യാഭ്യാസ, ഉപഡയറക്ടര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ ഉദ്യോഗസ്ഥര്‍,കമ്പനി പ്രതിനിധികള്‍,എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.