ഓണം ഖാദിമേളയില്‍ തിരക്കേറുന്നു

0

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പള്ളിത്താഴെ റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമില്‍ നടക്കുന്ന ഓണം ഖാദി മേളയില്‍ തിരക്കേറുന്നു. സാരി, ചുരിദാര്‍, ഷര്‍ട്ട്, ബെഡ്ഷീറ്റ്, മുണ്ട്, ചവിട്ടികള്‍ തുടങ്ങി വിവിധ തരം ഉല്‍പന്നങ്ങള്‍ ആകര്‍ഷമായ വിലയില്‍ ലഭ്യമാകുന്നതാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് വിലക്കിഴിവ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാക്കുന്നതിനോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് ക്രഡിറ്റ് സൗകര്യവും ലഭിക്കും. ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സബ്സ്ഡി ലഭ്യമാക്കിയ ഉപഭോക്താക്കള്‍ നിര്‍മിച്ച സോപ്പ്, മരച്ചക്കിലാട്ടിയ എള്ളെണ്ണ, തേന്‍ തുടങ്ങിയ വിവിധ ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ലഭ്യമാണ്.സെപ്റ്റംബര്‍ 10 വരെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.
ഓണം ഖാദി മേളയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുക്കുന്ന കൂപ്പണില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനം. ആദ്യഘട്ട നറുക്കെടുപ്പില്‍ കെ.എല്‍.117202 എന്ന കൂപ്പണ്‍ നമ്പറില്‍ വൈത്തിരി സ്വദേശി അബ്ദുള്‍ നാസര്‍ സമ്മാനാര്‍ഹനായി. സെപ്റ്റംബര്‍ 30ന് നടത്തുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 10 പവന്‍, അഞ്ചു പവന്‍, ഒരു പവന്‍ സ്വര്‍ണ്ണ നാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത്. അവധി ദിവസങ്ങളിലും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഖാദി മേഖലയില്‍ വളരെ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ഉന്നമനത്തിനായി ‘ഒരു വീട്ടില്‍ ഒരു ഖാദി’ വസ്ത്രമെന്ന സന്ദേശവുമായി ഖാദി പ്രചരണ പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!