തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ വയനാടിന്റെ മുഖഛായ മാറും എ.കെ.ശശീന്ദ്രന്‍

0

 

ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ വയനാടിന്റെ മുഖഛായ മാറുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ വയനാട് ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന-വിപണന-കാര്‍ഷിക-ഭക്ഷ്യമേള എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത നിലയിലാണ് തുരങ്ക പാത നിര്‍മ്മിക്കുക. മലയോര ഹൈവേ യുടെ പ്രവൃത്തികളും പുരോഗമിക്കുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളും സര്‍ക്കാരും ഒന്നാണെന്ന വികസന സമീപനമാണ് കേരളത്തിലേത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കേരള ജനത നെഞ്ചേറ്റിയതിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായി മനസിലാക്കി കൂടുതല്‍ ചുമതലാബോധത്തോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. വികസന സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ,ആരോഗ്യ,പശ്ചാത്തല മേഖലകളില്‍ അസൂയാവഹമായ മാറ്റങ്ങളാണ് ഉണ്ടായത്. അതാണ് എന്റെ കേരളം എന്റെ അഭിമാനം എന്ന ടാഗ് ലൈന്‍ അന്വര്‍ത്ഥമാക്കുന്നത്.വയനാട് പാക്കേജിന്റെ ഭാഗമായി ആറായിരം കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. വികസന നേട്ടങ്ങളെ വര്‍ഗീയ വിഷം പടര്‍ത്തി തകര്‍ക്കാനുള്ള ശ്രമം നാട്ടില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!