ബാണാസുര മലമുകളിലെ വനത്തില്‍ അതിശക്തമായ മണ്ണിടിച്ചില്‍. കഴിഞ്ഞ രാത്രിയാണ് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കുത്തിയൊഴുകിയ മലവെള്ളത്തില്‍ കല്ലാം തോടില്‍ ജലനിരപ്പ് ഉയര്‍ന്നു. ബാണാസുരമലയടിവാരത്തിലെ പുഴകളും കൈത്തോടുകളുമെല്ലാം നിറഞ്ഞ് കരകവിഞ്ഞു.
ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയില്‍ അതിതീവ്രമഴയാണ് പെയ്തത്. പുലരുവോളം മഴ തുടര്‍ന്നു. ബാണാസുര മലയുടെ മുകള്‍ നിരപ്പിലെ കാടുകളിലാണ് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കിലോമീറ്ററുകള്‍ ദൂരെ നിന്ന് കാണാവുന്ന വിധത്തില്‍ വലിയ മണ്ണിടിച്ചിലും മല വെള്ളപ്പാച്ചിലുമാണുണ്ടായത്. ഒരു രാത്രി ഉറങ്ങി ഉണര്‍ന്നപ്പോഴേക്കും കല്ലാംതോട് അടക്കം പുഴകളിലും തോടുകളിലും വെള്ളം നിറഞ്ഞ് കരകവിഞ്ഞു. 50 വര്‍ഷങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നത്. 15 ദിവസം മുമ്പ് പെയ്‌തൊഴിഞ്ഞ പ്രളയ മഴയില്‍ വിള്ളല്‍ രൂപപ്പെട്ടതും മലയില്‍ നിയന്ത്രണമില്ലാതെ നടന്ന പാറഖനനവും മറ്റും ഗുരുതരമായ പാരിസ്ഥിക ആഘാതങ്ങള്‍ സൃഷ്ടിച്ചിണ്ടെന്ന് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.