അവശേഷിക്കുന്നത് 15 ക്യാമ്പുകള്‍;പുത്തുമലയില്‍ തിരച്ചില്‍ തുടരുന്നു

0

ജില്ലയില്‍ മഴ മാറിനിന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിതുടങ്ങി. നിലവില്‍ ജില്ലയില്‍ അവശേഷിക്കുന്നത് 15 ദുരിതാശ്വാസ ക്യാമ്പുകളാണ്. വൈത്തിരി താലൂക്കില്‍ ഏഴും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും മാനന്തവാടിയില്‍ ആറും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 249 കുടുംബങ്ങളിലായി 765 ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ പേരുള്ളത് മേപ്പാടി ജിഎച്ച്എസ് ക്യാമ്പിലാണ്. ഇവിടെ 82 കുടുംബങ്ങളില്‍ നിന്നായി 243 ആളുകള്‍ കഴിയുന്നുണ്ട്.
പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ 13 ദിവസം പിന്നിട്ടു. ഇനിയും കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. പ്രദേശവാസികളുടെ സഹായത്തോടെ പ്രത്യേക സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമടക്കം പരിശോധന നടത്തുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്സ്, പൊലീസ്, വനംവകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നത്. ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ പുത്തുമലയില്‍ 12 പേരും മുട്ടില്‍ പഴശ്ശി കോളനിയില്‍ രണ്ടുപേരുമടക്കം 14 പേരാണ് മരണപ്പെട്ടത്.
ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. റവന്യു, എല്‍എസ്ജിഡി വകുപ്പുകളുടെ സഹകരണത്തോടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം. സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവര ശേഖരണത്തില്‍ വളണ്ടിയറായി പങ്കാളികളാവാം. താത്പര്യമുള്ളവര്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനുള്ള കേരള സര്‍ക്കാര്‍ വെബ് പോര്‍ട്ടലായ https://survey.keralarescue.in വഴി രജിസ്റ്റര്‍ ചെയ്യണം.

Leave A Reply

Your email address will not be published.

error: Content is protected !!