മാനസിക ശാക്തീകരണ കൗണ്‍സിലിങ്ങിന്റെ കൈത്താങ്ങില്‍ വേദന മറന്നുതുടങ്ങി വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍. ഓഗസ്റ്റ് 15ന് വയനാട് സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനും തളാപ്പ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജിലെയും കൗണ്‍സിലിംഗ്-സൈക്കോതെറാപ്പി വിദഗ്ധരുടെ 40 അംഗ സംഘം വയനാട്ടിലെത്തിയത്. ഉരുള്‍പൊട്ടി കൂടുതല്‍ ദുരിതംവിതച്ച പുത്തുമലയിലാണ് ഹൃദയംഹസ്തം എന്ന പേരില്‍ മാനസിക ശാക്തീകരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മേപ്പാടി ഹൈസ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെയും കാണാതായവരുടെയും ബന്ധുക്കളെ നേരില്‍ കണ്ട് കൗണ്‍സിലിംഗും സൈക്കോതെറാപ്പിയും നല്‍കി. കടുത്ത ഭയം, നിരാശ, ആത്മഹത്യ പ്രവണത, വിഷാദം, ദേഷ്യം, ഏകാന്തത, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ പരിഹരിച്ച് ദുരന്ത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യം. ആളുകളെ മാറ്റിപാര്‍പ്പിച്ച ചെമ്പോത്തറ, നെല്ലിമുണ്ട, കാപ്പുംകൊല്ലി, കുന്നമംഗലം വയല്‍, മാനിവയല്‍, പുളിയന്‍പറ്റ, കടൂര്‍ അമ്പലക്കുന്ന്, മുപ്പനാട്, റിപ്പണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളായ മേപ്പാടി ഹൈസ്‌കൂളിലും ചൂരല്‍മല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വ്യക്തിഗത കൗണ്‍സിലിംഗ് നടത്തി. കൗണ്‍സിലിംഗിലെ വിവിധ തെറാപ്പികളായ ഗ്രീഫ് തെറാപ്പി, റിലാക്സേഷന്‍, ആങ്കര്‍ തെറാപ്പി, റാഷ്ണല്‍ ഇമോടിവ് തെറാപ്പി, സിസ്റ്റമാറ്റിക് ഡിസെന്‍സിറ്റൈസേഷന്‍ തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ച കുട്ടികള്‍ക്കായി വിദ്യാലയങ്ങളില്‍ പ്രത്യേകത സൈക്കോതെറാപ്പിയും കൗണ്‍സിലിങ്ങും നടത്തി.ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ ഡോക്ടര്‍ അഭിലാഷ്, ജില്ലാ മാനസികാരോഗ്യ കേന്ദ്രം ഓഫീസര്‍ ഡോക്ടര്‍ ഹരീഷ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഡയറക്ടര്‍ ഡോ. സി. ട്രീസ പാലക്കല്‍ ഹെല്‍ത്ത്മിഷന്‍ കോര്‍ഡിനേറ്റര്‍ സജേഷ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍. ആര്‍) മുഹമ്മദ് യൂസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശികുമാര്‍, ഹൃദയഹസ്തം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.വി റിനേഷ്, കൗണ്‍സലിങ് കോര്‍ഡിനേറ്റര്‍ എം.വി സതീശന്‍ കണ്‍വീനര്‍ സി.എ ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.